Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › സുവിശേഷങ്ങൾ അടുത്തടുത്ത് › ഗലീലയിൽ

സുവിശേഷങ്ങൾ അടുത്തടുത്ത് · ഗലീലയിൽ

കഫർന്നഹൂമിലെ സിനഗോഗിൽ ഒരു അശുദ്ധാത്മാവ്

മർക്കൊ 1:21–28 · ലൂക്കൊ 4:31–37

മർക്കൊസ്

മർക്കൊ 1:21–28

21അവർ കഫൎന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.

22അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.

23അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ചു:

24നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.

25യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടുപോ എന്നു പറഞ്ഞു.

26അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.

27എല്ലാവരും ആശ്ചൎയ്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.

28അവന്റെ ശ്രുതി വേഗത്തിൽ ഗലീലനാടു എങ്ങും പരന്നു.

ലൂക്കൊസ്

ലൂക്കൊ 4:31–37

31അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫൎന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.

32അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.

33അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.

34അവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ! നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.

35മിണ്ടരുതു; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി.

36എല്ലാവൎക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.

37അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും