Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് › യെഹൂദയിലെ രാജാക്കന്മാർ

രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് · യെഹൂദയിലെ രാജാക്കന്മാർ

അഥല്യയും ബാലനായ യോവാശും

2 രാജാ 11:1–21 · 2 ദിന 22:10–12; 23:1–21

2 രാജാക്കന്മാർ

2 രാജാ 11:1–21

1അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ എഴുന്നേറ്റു രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.

2എന്നാൽ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജാകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും അഥല്യാ കണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ടു അവനെ കൊല്ലുവാൻ ഇടയായില്ല.

3അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു. എന്നാൽ അഥല്യാ ദേശം വാണു.

4ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ചു കാൎയ്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ചു തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോടു സഖ്യത ചെയ്തു; അവൻ അവരെക്കൊണ്ടു യഹോവയുടെ ആലയത്തിൽവെച്ചു സത്യം ചെയ്യിച്ചിട്ടു അവൎക്കു രാജകുമാരെനെ കാണിച്ചു അവരോടു കല്പിച്ചതു എന്തെന്നാൽ:

5നിങ്ങൾ ചെയ്യേണ്ടുന്ന കാൎയ്യം ആവിതു: ശബ്ബത്തിൽ തവണമാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും

6മൂന്നിൽ ഒരു ഭാഗം സൂർപടിവാതില്ക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിമ്പുറത്തുള്ള പടിവാതില്ക്കലും കാവൽ നില്ക്കേണം; ഇങ്ങനെ നിങ്ങൾ അരമനെക്കു കിടങ്ങുപോലെ കാവലായിരിക്കേണം.

7ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം.

8നിങ്ങൾ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നില്ക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം. യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെ ഒക്കെയും ശതാധിപന്മാർ ചെയ്തു;

9അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും ശബ്ബത്തിൽ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.

10പുരോഹിതൻ ദാവീദ് രാജാവിന്റെ വകയായി യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാൎക്കു കൊടുത്തു.

11അകമ്പടികൾ ഒക്കെയും കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിന്നു.

12അവൻ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആൎത്തു.

13അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.

14ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ടു അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം എന്നു പറഞ്ഞു.

15അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാൎക്കു കല്പന കൊടുത്തു; അവളെ അണികളിൽകൂടി പുറത്തു കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ടു കൊല്ലുവിൻ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തിൽവെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു.

16അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴിയായി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവെച്ചു കൊന്നുകളഞ്ഞു.

17അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവെക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു.

18പിന്നെ ദേശത്തെ ജനമൊക്കെയും ബാൽക്ഷേത്രത്തിൽ ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടെച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബിലപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നുകളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാൎയ്യവിചാരകന്മാരെയും നിയമിച്ചു.

19അവൻ ശതാധിപന്മാരെയും കാൎയ്യരെയും അകമ്പടികളെയും ദേശത്തെ സകലജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്നു ഇറക്കി അകമ്പടികളുടെ പടിവാതിൽവഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവൻ രാജാസനം പ്രാപിച്ചു.

20ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ രാജധാനിക്കരികെവെച്ചു വാൾകൊണ്ടു കൊന്നുകളഞ്ഞു.

21യെഹോവാശ് രാജാവായപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു.

2 ദിനവൃത്താന്തം

2 ദിന 22:10–12; 23:1–21

22:10അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടിട്ടു എഴുന്നേറ്റു യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.

22:11എന്നാൽ രാജകുമാരിയായ യെഹോശബത്ത്, കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തിൽ ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാൎയ്യയുമായ യെഹോശബത്ത് -അവൾ അഹസ്യാവിന്റെ സഹോദരിയല്ലോ- അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന്നു അവനെ ഒളിപ്പിച്ചു.

22:12അവൻ അവരോടുകൂടെ ആറു സംവത്സരം ദൈവാലയത്തിൽ ഒളിച്ചിരുന്നു; എന്നാൽ അഥല്യാ ദേശം വാണു.

23:1ഏഴാം സംവത്സരത്തിൽ യെഹോയാദാ ധൈൎയ്യപ്പെട്ടു, യെഹോരാമിന്റെ മകൻ അസൎയ്യാവു യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസൎയ്യാവു, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യതചെയ്തു.

23:2അവർ യെഹൂദയിൽ ചുറ്റി സഞ്ചരിച്ചു സകലയെഹൂദാനഗരങ്ങളിലുംനിന്നു ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.

23:3സൎവ്വസഭയും ദൈവാലയത്തിൽവെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവൻ അവരോടു പറഞ്ഞതു: ദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രൻ തന്നേ രാജാവാകേണം.

23:4നിങ്ങൾ ചെയ്യേണ്ടുന്ന കാൎയ്യം ആവിതു: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിൽ ഒരു ഭാഗം വാതിൽകാവല്ക്കാരായിരിക്കേണം.

23:5മൂന്നിൽ ഒരു ഭാഗം രാജധാനിയിങ്കലും മൂന്നിൽ ഒരു ഭാഗം അടിസ്ഥാനവാതില്ക്കലും നില്ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.

23:6എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവെച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുതു; അവർ വിശുദ്ധരാകകൊണ്ടു അവൎക്കു കടക്കാം; എന്നാൽ ജനം ഒക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.

23:7ലേവ്യരോ, ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.

23:8ലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതൻ കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണമാറിപ്പോകുന്നവരെയും ശബ്ബത്തിൽ തവണമാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതൻ കൂറുകളെ വിട്ടയച്ചിരുന്നില്ല.

23:9യെഹോയാദാപുരോഹിതൻ ദാവീദ് രാജാവിന്റെ വകയായി ദൈവാലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വമ്പരിചകളും ശതാധിപന്മാൎക്കു കൊടുത്തു.

23:10അവൻ സകലജനത്തെയും താന്താന്റെ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിൎത്തി;

23:11അവർ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തകവും കൊടുത്തു അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു: രാജാവേ, ജയജയ എന്നു ആൎത്തുവിളിച്ചു.

23:12ജനം വരികയും രാജാവിനെ കീൎത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.

23:13പ്രവേശനത്തിങ്കൽ രാജാവു തന്റെ തൂണിന്റെ അരികെ നില്ക്കുന്നതു രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.

23:14യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്തു വരുത്തി അവരോടു: അവളെ അണികളിൽകൂടി പുറത്തു കൊണ്ടുപോകുവിൻ; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവെച്ചു കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു.

23:15അങ്ങനെ അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു: അവൾ രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കൽ എത്തിയപ്പോൾ അവിടെവെച്ചു അവർ അവളെ കൊന്നുകളഞ്ഞു.

23:16അനന്തരം യെഹോയാദാ തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സൎവ്വജനവും രാജാവും തമ്മിൽ ഒരു നിയമം ചെയ്തു.

23:17പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകൎത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നുകളഞ്ഞു.

23:18ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അൎപ്പിക്കേണ്ടതിന്നു യെഹോയാദാ യഹോവയുടെ ആലയത്തിന്നു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗങ്ങളെ നിയമിച്ചു.

23:19വല്ലപ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെയിരിക്കേണ്ടതിന്നു അവൻ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ കാവല്ക്കാരെ നിയമിച്ചു.

23:20അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽ നിന്നു ഇറക്കി മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തിൽ ഇരുത്തി.

23:21ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ വാൾകൊണ്ടു കൊന്നുകളഞ്ഞു.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും