Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › സുവിശേഷങ്ങൾ അടുത്തടുത്ത് › ഗലീലയിൽ

സുവിശേഷങ്ങൾ അടുത്തടുത്ത് · ഗലീലയിൽ

അയ്യായിരം പേരെ പോഷിപ്പിക്കുന്നു

മത്താ 14:13–21 · മർക്കൊ 6:30–44 · ലൂക്കൊ 9:10–17 · യോഹന്നാൻ 6:1–14

മത്തായി

മത്താ 14:13–21

13അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിൎജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.

14അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.

15വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: ഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

16യേശു അവരോടു: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു.

17അവർ അവനോടു: അഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.

18അതു ഇങ്ങുകൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു.

19പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.

20എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

21തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.

മർക്കൊസ്

മർക്കൊ 6:30–44

30പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.

31വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവൎക്കു ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.

32അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.

33അവർ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്കു ഓടി, അവൎക്കു മുമ്പെ എത്തി.

34അവൻ പടകിൽ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.

35പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിൎജ്ജനപ്രദേശം അല്ലോ;

36നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

37അവൻ അവരോടു: നിങ്ങൾ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവൎക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.

38അവൻ അവരോടു: നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.

39പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.

40അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.

41അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവൎക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാൎക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവൎക്കും വിഭാഗിച്ചുകൊടുത്തു.

42എല്ലാവരും തിന്നു തൃപ്തരായി.

43കഷണങ്ങളും മീൻ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

44അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.

ലൂക്കൊസ്

ലൂക്കൊ 9:10–17

10അപ്പൊസ്തലന്മാർ മടങ്ങിവന്നിട്ടു തങ്ങൾ ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി.

11അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടൎന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു.

12പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തുവന്നു അവനോടു: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാൎപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

13അവൻ അവരോടു: നിങ്ങൾ തന്നേ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്നു അവർ പറഞ്ഞു.

14ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.

15അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.

16അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വൎഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.

17എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.

യോഹന്നാൻ

യോഹന്നാൻ 6:1–14

1അനന്തരം യേശു തിബെൎയ്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.

2അവൻ രോഗികളിൽ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.

3യേശു മലയിൽ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.

4യെഹൂദന്മാരുടെ പെസഹപെരുനാൾ അടുത്തിരുന്നു.

5യേശു വലിയോരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: ഇവൎക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു.

6ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.

7ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.

8ശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു:

9ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേൎക്കു അതു എന്തുള്ളു എന്നു പറഞ്ഞു.

10ആളുകളെ ഇരുത്തുവിൻ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാർ ഇരുന്നു.

11പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവൎക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.

12അവൎക്കു തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോടു: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു.

13അഞ്ചു യവത്തപ്പത്തിൽ തിന്നു ശേഷിച്ച കഷണം അവർ ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

14അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും