Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › സുവിശേഷങ്ങൾ അടുത്തടുത്ത് › ഗലീലയിൽ

സുവിശേഷങ്ങൾ അടുത്തടുത്ത് · ഗലീലയിൽ

യോഹന്നാൻ സ്നാപകന്റെ മരണം

മത്താ 14:1–12 · മർക്കൊ 6:14–29 · ലൂക്കൊ 9:7–9

മത്തായി

മത്താ 14:1–12

1ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു:

2അവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.

3ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാൎയ്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാൎയ്യയായിരിക്കുന്നതു വിഹിതമല്ല എന്നു

4യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു.

5അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.

6എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.

7അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു.

8അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.

9രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;

10ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.

11അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.

12അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.

മർക്കൊസ്

മർക്കൊ 6:14–29

14ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു.

15അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.

16അതു ഹെരോദാവു കേട്ടാറെ: ഞാൻ തലവെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിൎത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.

17ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാൎയ്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.

18സഹോദരന്റെ ഭാൎയ്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.

19ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.

20യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.

21എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാൎക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.

22ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.

23എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.

24അവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു.

25ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം എന്നു പറഞ്ഞു.

26രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു.

27ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.

28അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.

29അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയിൽ വെച്ചു.

ലൂക്കൊസ്

ലൂക്കൊ 9:7–9

7സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു.

8യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിൎത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ടു

9ഹെരോദാവു ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും