ഹോം › ദിവസേനയുള്ള ബൈബിൾ വായനകൾ › 2027 മാർച്ച് › മാർച്ച് 21
കത്തോലിക്കാ കലണ്ടർ
കുർബാനയിലെ വായനകൾ (കത്തോലിക്കാ) — 2027 മാർച്ച് 21
ഞായറാഴ്ച · വിശുദ്ധവാരം
പെരുന്നാളുകളും വിശുദ്ധന്മാരും
ഓശാന ഞായർ — കർത്താവിന്റെ പീഡാനുഭവം
ഞായറാഴ്ച · ആരാധനാ നിറം: ചുവപ്പ്
ദിവസത്തെ വായനകൾ
പ്രദക്ഷിണത്തിലെ സുവിശേഷം
അല്ലെങ്കിൽ: യോഹന്നാൻ 12:12–16
1അവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു: 2നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. 3ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കൎത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു. 4അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു. 5അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു. 6യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു. 7അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു. 8അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി. 9മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കൎത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; 10വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആൎത്തുകൊണ്ടിരുന്നു.
ഒന്നാം വായന
4തളൎന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കൎത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണൎത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണൎത്തുന്നു. 5യഹോവയായ കൎത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. 6അടിക്കുന്നവൎക്കു, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവൎക്കു, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല. 7യഹോവയായ കൎത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാൻ അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാൻ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചുപോകയില്ല എന്നു ഞാൻ അറിയുന്നു.
പ്രതിവചന സങ്കീർത്തനം
7എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവർ അധരം മലൎത്തി തല കുലുക്കുന്നു; 8യഹോവയിങ്കൽ നിന്നെത്തന്നേ സമൎപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ! അവൻ അവനെ വിടുവിക്കട്ടെ! അവനിൽ പ്രസാദമുണ്ടല്ലോ. 16നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു. 17എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു. 18എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു. 19നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ. 22ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീൎത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും. 23യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സൎവ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.
രണ്ടാം വായന
6അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ 7ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി 8തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീൎന്നു. 9അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയൎത്തി സകലനാമത്തിന്നും മേലായ നാമം നല്കി; 10അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വൎല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും 11എല്ലാനാവും “യേശുക്രിസ്തു കൎത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
സുവിശേഷം
1രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താൽ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. 2ജനത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ ഉത്സവത്തിൽ അരുതു എന്നു അവർ പറഞ്ഞു. 3അവൻ ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയിൽ ഒഴിച്ചു. 4അവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു? 5ഇതു മുന്നൂറ്റിൽ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രൎക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ടു അവളെ ഭൎത്സിച്ചു. 6എന്നാൽ യേശു: ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു. 7ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവൎക്കു നന്മചെയ്വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല. 8അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു. 9സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓൎമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 10പിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കൎയ്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാൎക്കു കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കൽ ചെന്നു. 11അവർ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു. 12പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു. 13അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും. 14അവന്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. 15അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു. 16ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. 17സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു. 18അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 19അവർ ദുഃഖിച്ചു: ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി. 20അവൻ അവരോടു: പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ താലത്തിൽ കൈമുക്കുന്നവൻ തന്നേ. 21മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു. 22അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവൎക്കു കൊടുത്തു: വാങ്ങുവിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു. 23പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവൎക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു: 24ഇതു അനേകൎക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം. 25മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു. 26പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവു മലക്കു പോയി. 27യേശു അവരോടു: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 28എന്നാൽ ഞാൻ ഉയിൎത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു. 29പത്രൊസ് അവനോടു: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു. 30യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു. 31അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു. 32അവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: ഞാൻ പ്രാൎത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. 33പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: 34എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാൎത്തു ഉണൎന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു. 35പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാൎത്ഥിച്ചു: 36അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. 37പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണൎന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? 38പരീക്ഷയിൽ അകപ്പെടായ്വാൻ ഉണൎന്നിരുന്നു പ്രാൎത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. 39അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാൎത്ഥിച്ചു. 40മടങ്ങിവന്നാറെ അവരുടെ കണ്ണുകൾക്കു ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല. 41അവൻ മൂന്നാമതു വന്നു അവരോടു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു. 42എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു. 43ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു. 44അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിൻ എന്നു അവൎക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. 45അവൻ വന്നു ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു. 46അവർ അവന്റെമേൽ കൈവച്ചു അവനെ പിടിച്ചു. 47അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു. 48യേശു അവരോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ? 49ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്കു നിവൃത്തി വരേണ്ടതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു. 50ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി. 51ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചുംകൊണ്ടു അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു. 52അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി. 53അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു. 54പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേൎന്നു തീ കാഞ്ഞുകൊണ്ടിരുന്നു. 55മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും. 56അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല. 57ചിലർ എഴുന്നേറ്റു അവന്റെ നേരെ: 58ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു. 59എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല. 60മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു. 61അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. 62ഞാൻ ആകുന്നു; മനുഷ്യപുത്രൻ സൎവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. 63അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി: 64ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു. 65ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു. 66പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, 67പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. 68നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. 69ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. 70കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. 71നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. 72ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓൎത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു. 15:1ഉടനെ അതികാലത്തു തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടി കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു. 2പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു. 3മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി. 4പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു. 5യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചൎയ്യപ്പെട്ടു. 6അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവൎക്കു വിട്ടുകൊടുക്ക പതിവായിരുന്നു. 7എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു. 8പുരുഷാരം കയറി വന്നു, അവൻ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി. 9മഹാപുരോഹിതന്മാർ അസൂയകൊണ്ടു അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു: 10യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരേണം എന്നു ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു. 11എന്നാൽ അവൻ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 12പീലാത്തൊസ് പിന്നെയും അവരോടു: എന്നാൽ യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങൾ പറയുന്നവനെ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. 13അവനെ ക്രൂശിക്ക എന്നു അവർ വീണ്ടും നിലവിളിച്ചു. 14പീലാത്തൊസ് അവരോടു: അവൻ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്നു അവർ അധികമായി നിലവിളിച്ചു. 15പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവൎക്കു വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു. 16പടയാളികൾ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി. 17അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു: 18യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു; 19കോൽകൊണ്ടു അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു. 20അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി. 21അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിൎബന്ധിച്ചു. 22തലയോടിടം എന്നൎത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി; 23കണ്ടിവെണ്ണ കലൎത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല. 24അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു. 25മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു. 26യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു. 27അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. 28[അധൎമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.] 29കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ, 30നിന്നെത്തന്നേ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു. 31അങ്ങനെ തന്നേ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ. 32നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു. 33ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. 34ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അൎത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു. 35അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. 36ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവു അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാൻ കൊടുത്തു. 37യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. 38ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. 39അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു. 40സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു. 41അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു. 42വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലനാളായ ഒരുക്കനാൾ ആകകൊണ്ടു 43ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് വന്നു ധൈൎയ്യത്തോടെ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു. 44അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചൎയ്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു 45ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടൽ യോസേഫിന്നു നല്കി. 46അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു; 47അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
പൊതു റോമൻ കലണ്ടർ; മെത്രാൻ സമിതിക്ക് ചില തിരുനാളുകൾ (ദനഹാ, സ്വർഗ്ഗാരോഹണം, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ) ഞായറാഴ്ചയിലേക്കു മാറ്റുകയോ സ്വന്തം തിരുനാളുകൾ ചേർക്കുകയോ ചെയ്യാം. വായനാക്രമം: ഞായറാഴ്ച ചക്രം B, പ്രവൃത്തിദിവസ വർഷം I.