Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › സുവിശേഷങ്ങൾ അടുത്തടുത്ത് › യേശുവിന്റെ കഷ്ടാനുഭവം

സുവിശേഷങ്ങൾ അടുത്തടുത്ത് · യേശുവിന്റെ കഷ്ടാനുഭവം

പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു

മത്താ 26:69–75 · മർക്കൊ 14:66–72 · ലൂക്കൊ 22:54–62 · യോഹന്നാൻ 18:25–27

മത്തായി

മത്താ 26:69–75

69എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.

70അതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.

71പിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു

72ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.

73അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.

74അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.

75എന്നാറെ: കോഴി കൂകുമ്മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓൎത്തു പുറത്തു പോയി അതിദുഃഖത്തോടെ കരഞ്ഞു.

മർക്കൊസ്

മർക്കൊ 14:66–72

66പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു,

67പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.

68നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി.

69ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.

70കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.

71നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി.

72ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓൎത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.

ലൂക്കൊസ്

ലൂക്കൊ 22:54–62

54അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.

55അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.

56അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.

57അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.

58കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.

59ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കൎഷിച്ചു പറഞ്ഞു.

60മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.

61അപ്പോൾ കൎത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കൎത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓൎത്തു

62പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.

യോഹന്നാൻ

യോഹന്നാൻ 18:25–27

25ശിമോൻ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോൾ: നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്നു ചിലർ അവനോടു ചോദിച്ചു; അല്ല എന്നു അവൻ മറുത്തുപറഞ്ഞു.

26മഹാപുരോഹിതന്റെ ദാസന്മാരിൽവെച്ചു പത്രൊസ് കാതറുത്തവന്റെ ചാൎച്ചക്കാരനായ ഒരുത്തൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു.

27പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും