24:18സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.
24:19യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
24:20യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവും ബാബേൽരാജാവിനോടു മത്സരിച്ചു.
25:1അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തിയ്യതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൎവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി.
25:2സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
25:3നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിൽ ക്ഷാമം കലശലായി ദേശത്തെ ജനത്തിന്നു ആഹാരം ഇല്ലാതെപോയി.
25:4അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ചു കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി.
25:5എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടൎന്നു യെരീഹോസമഭൂമിയിൽവെച്ചു അവനോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി.
25:6അവർ രാജാവിനെ പിടിച്ചു രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവന്നു വിധി കല്പിച്ചു.
25:7അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാങ്കെ കൊന്നു; സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു അവനെ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി.
25:8അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ്നേസർരാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാൻ യെരൂശലേമിൽവന്നു.
25:9അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവൻ തീവെച്ചു ചുട്ടുകളഞ്ഞു.
25:10അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു.
25:11നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാൻ കൊണ്ടുപോയി.
25:12എന്നാൽ അകമ്പടിനായകൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചുപോയി.
25:13യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടെച്ചുകളഞ്ഞു അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി.
25:14കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവർ എടുത്തു കൊണ്ടുപോയി.
25:15തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകൻ കൊണ്ടുപോയി.
25:16ശലോമോൻ യഹോവയുടെ ആലയത്തിന്നുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെയുള്ള സകലഉപകരണങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
25:17ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ടു ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
25:18അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു ഉമ്മരപ്പടിക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.
25:19നഗരത്തിൽനിന്നു അവൻ യോദ്ധാക്കളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവെച്ചു കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചുപേരെയും ദേശത്തെ ജനത്തെ പടെക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട ദേശത്തെ ജനത്തിൽ അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി.
25:20ഇവരെ അകമ്പടിനായകനായ നെബൂസരദാൻ പിടിച്ചു രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.
25:21ബാബേൽരാജാവു ഹാമത്ത് ദേശത്തിലെ രിബ്ലയിൽവെച്ചു അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പോകേണ്ടിവന്നു.