Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് › ഹിസ്കീയാവു മുതൽ യോശീയാവു വരെ

രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് · ഹിസ്കീയാവു മുതൽ യോശീയാവു വരെ

യെഹൂദാരാജാവായ മനശ്ശെ

2 രാജാ 21:1–18 · 2 ദിന 33:1–20

2 രാജാക്കന്മാർ

2 രാജാ 21:1–18

1മനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേർ.

2എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

3തന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സൎവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.

4യെരൂശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.

5യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സൎവ്വസൈന്യത്തിന്നും ബലിപീഠങ്ങൾ പണിതു;

6അവൻ തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും മുഹൂൎത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു.

7ഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു.

8ഞാൻ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന്നു അവർ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്റെ കാൽ, അവരുടെ പിതാക്കന്മാൎക്കു ഞാൻ കൊടുത്ത ദേശം വിട്ടലയുവാൻ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു.

9എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‌വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.

10ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ:

11യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോൎയ്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ലേച്ഛതകൾ പ്രവൎത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും

12യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനൎത്ഥം ഞാൻ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും.

13ഞാൻ യെരൂശലേമിന്മേൽ ശമൎയ്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും.

14എന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാൻ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകലശത്രുക്കൾക്കും കവൎച്ചയും കൊള്ളയും ആയ്തീരും.

15അവരുടെ പിതാക്കന്മാർ മിസ്രയീമിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ.

16അത്രയുമല്ല, യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്യേണ്ടതിന്നു മനശ്ശെ യെഹൂദയെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരറ്റംമുതൽ മറ്റേഅറ്റംവരെ നിറെപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു.

17മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

18മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നുപകരം രാജാവായി.

2 ദിനവൃത്താന്തം

2 ദിന 33:1–20

1മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു.

2യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകളെപ്പോലെ അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

3അവൻ തന്റെ അപ്പനായ യെഹിസ്കീയാവു ഇടിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ വീണ്ടും പണിതു, ബാൽവിഗ്രഹങ്ങൾക്കു ബലിപീഠങ്ങളെ തീൎത്തു, അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി, ആകാശത്തിലെ സൎവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.

4യെരൂശലേമിൽ എന്റെ നാമം ഇരിക്കുമെന്നു യഹോവ അരുളിച്ചെയ്ത യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.

5യഹോവയുടെ ആലയത്തിന്റെ പ്രാകാരം രണ്ടിലും അവൻ ആകാശത്തിലെ സൈന്യത്തിന്നു ബലിപീഠങ്ങൾ പണിതു.

6അവൻ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോംതാഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; മുഹുൎത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു.

7താൻ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവൻ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോ: ഈ ആലയത്തിലും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും

8ഞാൻ മോശെമുഖാന്തരം യിസ്രായേലിനോടു കല്പിച്ച സകലന്യായപ്രമാണത്തെയും ചട്ടങ്ങളെയും ന്യായങ്ങളെയും അനുസരിച്ചുനടപ്പാൻ അവർ സൂക്ഷിക്കുമെങ്കിൽ ഞാൻ നിങ്ങളുടെ പിതാക്കന്മാൎക്കായി നിശ്ചയിച്ച ദേശത്തുനിന്നു അവരുടെ കാൽ ഞാൻ ഇനി നീക്കിക്കളകയില്ല എന്നും ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്തിരുന്നു.

9അങ്ങനെ മനശ്ശെ യഹോവ യിസ്രായേൽപുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്വം പ്രവൎത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി.

10യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല.

11ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.

12കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു, തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നേത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാൎത്ഥിച്ചു.

13അവൻ അവന്റെ പ്രാൎത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവ തന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.

14അതിന്റെശേഷം അവൻ ഗീഹോന്നു പടിഞ്ഞാറുതാഴ്വരയിൽ മീൻവാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന്നു ഒരു പുറമതിൽ പണിതു; അവൻ അതു ഓഫേലിന്നു ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാൎപ്പിക്കയും ചെയ്തു.

15അവൻ യഹോവയുടെ ആലയത്തിൽനിന്നു അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പൎവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകലബലിപീഠങ്ങളെയും നീക്കി നഗരത്തിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.

16അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അൎപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദയോടു കല്പിച്ചു.

17എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ.

18മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ തന്റെ ദൈവത്തോടു കഴിച്ച പ്രാൎത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോടു സംസാരിച്ച ദൎശകന്മാരുടെ വചനങ്ങളും യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.

19അവന്റെ പ്രാൎത്ഥനയും ദൈവം അവന്റെ പ്രാൎത്ഥന കേട്ടതും അവൻ തന്നേത്താൻ താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവൻ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദൎശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു.

20മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നു പകരം രാജാവായി.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും