ഹോം › ദിവസേനയുള്ള ബൈബിൾ വായനകൾ › 2027 ഏപ്രിൽ › ഏപ്രിൽ 7
ഓർത്തഡോക്സ് കലണ്ടർ · മാർച്ച് 25 (പഴയ രീതി)
ഓർത്തഡോക്സ് ദൈനംദിന വായനകൾ — 2027 ഏപ്രിൽ 7
ബുധനാഴ്ച · വലിയ നോമ്പിന്റെ നാലാം ആഴ്ച · സ്വരം 3
പെരുന്നാളുകളും വിശുദ്ധന്മാരും
The Annunciation of our Most Holy Lady, Theotokos and Ever-Virgin Mary
വലിയ നോമ്പ്
മത്സ്യം അനുവദനീയം
ഇത് സന്യാസ നിയമം പിന്തുടരുന്നു. ഒരു ഇടവകയിൽ, ആരോഗ്യം, പ്രായം, സാഹചര്യങ്ങൾ എന്നിവയനുസരിച്ച് കുമ്പസാരക്കാരനോടൊപ്പമാണ് നോമ്പിന്റെ അളവ് നിശ്ചയിക്കുന്നത്.
ദിവസത്തെ വായനകൾ
പ്രഭാത പ്രാർത്ഥന: സുവിശേഷം (മംഗളവാർത്തയുടെ പെരുന്നാളിന്)
39ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു, 40സെഖൎയ്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു. 41മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗൎഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, 42ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗൎഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു. 43എന്റെ കൎത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി. 44നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗൎഭത്തിൽ ആനന്ദംകൊണ്ടു തുള്ളി. 45കൎത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി. 46അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കൎത്താവിനെ മഹിമപ്പെടുത്തുന്നു; 47എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു. 48അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. 49ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ. 56മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാൎത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.
ആറാം മണിക്കൂർ
21യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദൎശിപ്പാൻ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല. 27:1അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസൎപ്പമായ ലിവ്യാഥാനെയും വക്രസൎപ്പമായ ലിവ്യാഥാനെയും സന്ദൎശിക്കും; സമുദ്രത്തിലെ മഹാസൎപ്പത്തെ അവൻ കൊന്നുകളയും. 2അന്നു നിങ്ങൾ മനോഹരമായോരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിൻ. 3യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും. 4ക്രോധം എനിക്കില്ല; യുദ്ധത്തിൽ പറക്കാരയും മുൾപടൎപ്പും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളായിരുന്നു; ഞാൻ അവയുടെ നേരെ ചെന്നു അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു. 5അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ചു എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവൻ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ. 6വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിൎത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂൎണ്ണമാകയും ചെയ്യും. 7അവനെ അടിച്ചവരേ അടിച്ചതുപോലെയോ അവൻ അവനെ അടിച്ചതു? അവനെ കൊന്നവരെ കൊന്നതുപോലെയോ അവൻ കൊല്ലപ്പെട്ടിരിക്കുന്നതു? 8അവരെ ഉപേക്ഷിച്ചതിനാൽ നീ മിതമായിട്ടു അവളോടു വാദിച്ചു; കിഴക്കൻ കാറ്റുള്ള നാളിൽ അവൻ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു. 9ഇതുകൊണ്ടു യാക്കോബിന്റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ലു ഒക്കെയും ഇടിച്ചുതകൎത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂൎയ്യസ്തംഭങ്ങളും ഇനി നിവിൎന്നുനില്ക്കയില്ല.
സന്ധ്യാ പ്രാർത്ഥന: വായന
18പെട്ടകത്തിൽനിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു. 19ഇവർ മൂവരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു. 20നോഹ കൃഷിചെയ്വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. 21അവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു. 22കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു. 23ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല. 24നോഹ ലഹരിവിട്ടുണൎന്നപ്പോൾ തന്റെ ഇളയമകൻ ചെയ്തതു അറിഞ്ഞു. 25അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാൎക്കു അധമദാസനായ്തീരും എന്നു പറഞ്ഞു. 26ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ അവരുടെ ദാസനാകും. 27ദൈവം യാഫെത്തിനെ വൎദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കും; കനാൻ അവരുടെ ദാസനാകും എന്നും അവൻ പറഞ്ഞു. 28ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു. 29നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. 10:1നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പൎയ്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവൎക്കു പുത്രന്മാർ ജനിച്ചു.
സന്ധ്യാ പ്രാർത്ഥന: വായന
23വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു. 24ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും. 25മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു. 26നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു. 27മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു. 28നീതിയുടെ മാൎഗ്ഗത്തിൽ ജീവനുണ്ടു; അതിന്റെ പാതയിൽ മരണം ഇല്ല. 13:1ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല. 2തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ. 3വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളൎക്കുന്നവന്നോ നാശം ഭവിക്കും. 4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും. 5നീതിമാൻ ഭോഷ്കു വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു. 6നീതി സന്മാൎഗ്ഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു. 7ഒന്നും ഇല്ലാഞ്ഞിട്ടും ധനികൻ എന്നു നടിക്കുന്നവൻ ഉണ്ടു; വളരെ ധനം ഉണ്ടായിട്ടും ദരിദ്രൻ എന്നു നടിക്കുന്നവനും ഉണ്ടു; 8മനുഷ്യന്റെ ജീവന്നു മറുവില അവന്റെ സമ്പത്തു തന്നേ; ദരിദ്രനോ ഭീഷണിപോലും കേൾക്കേണ്ടിവരുന്നില്ല. 9നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.
സന്ധ്യാ പ്രാർത്ഥന: വായന (മംഗളവാർത്തയുടെ പെരുന്നാളിന്)
1മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പൎവ്വതമായ ഹോരേബ് വരെ കൊണ്ടു ചെന്നു. 2അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടൎപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടൎപ്പു തീ പിടിച്ചു കത്തുന്നതും മുൾപടൎപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു. 3മുൾപടൎപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. 4നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടൎപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു. 5അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു. 6ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. 7യഹോവ അരുളിച്ചെയ്തതു: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. 8അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തു നിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോൎയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.
സന്ധ്യാ പ്രാർത്ഥന: വായന (മംഗളവാർത്തയുടെ പെരുന്നാളിന്)
22യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. 23ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. 24ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ. 25പൎവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. 26അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ. 27അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും 28അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും 29വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും 30ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.
ലേഖനം (മംഗളവാർത്തയുടെ പെരുന്നാളിന്)
11വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവൎക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: 12“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീൎത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും” 13എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു. 14മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ 15തന്റെ മരണത്താൽ നീക്കി ജീവപൎയ്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. 16ദൂതന്മാരെ സംരക്ഷണചെയ്വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്വാനത്രേ അവൻ വന്നതു. 17അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാൎയ്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു. 18താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവൎക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.
സുവിശേഷം (മംഗളവാർത്തയുടെ പെരുന്നാളിന്)
24ആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാൎയ്യ എലീശബെത്ത് ഗൎഭം ധരിച്ചു: 25മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കൎത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാൎത്തു. 26ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, 27ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. 28ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കൎത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. 29അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു. 30ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. 31നീ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. 32അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കൎത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും 33അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. 34മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. 35അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. 36നിന്റെ ചാൎച്ചക്കാരത്തി എലീശബെത്തും വാൎദ്ധക്യത്തിൽ ഒരു മകനെ ഗൎഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം. 37ദൈവത്തിന്നു ഒരു കാൎയ്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. 38അതിന്നു മറിയ: ഇതാ, ഞാൻ കൎത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
തീയതികൾ റഷ്യൻ സഭയുടെ ജൂലിയൻ കലണ്ടർ അനുസരിച്ചാണ് (സെർബിയൻ, ജോർജിയൻ സഭകളെയും അതോസ് പർവ്വതത്തെയും പോലെ): സഭാ കലണ്ടറിലെ മാർച്ച് 25 സിവിൽ കലണ്ടറിലെ ഏപ്രിൽ 7 ആണ്. പുതിയ കലണ്ടർ പിന്തുടരുന്ന സഭകൾ (ഗ്രീസ്, റൊമാനിയ, ബൾഗേറിയ, യുക്രെയ്ൻ…) സ്ഥിരപെരുന്നാളുകളും വിശുദ്ധന്മാരുടെ അനുസ്മരണങ്ങളും സിവിൽ തീയതിയിൽത്തന്നെ, 13 ദിവസം മുമ്പ്, ആചരിക്കുന്നു; അവരുടെ ചില വായനകൾ വ്യത്യസ്തമാണ്; ഈസ്റ്ററും അതിനെ ആശ്രയിക്കുന്ന ദിവസങ്ങളും ഒന്നുതന്നെ.