Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് › യെഹൂദയിലെ രാജാക്കന്മാർ

രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് · യെഹൂദയിലെ രാജാക്കന്മാർ

യോവാശിന്റെ അന്ത്യം

2 രാജാ 12:17–21 · 2 ദിന 24:23–27

2 രാജാക്കന്മാർ

2 രാജാ 12:17–21

17ആ കാലത്തു അരാംരാജാവായ ഹസായേൽ പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേൽ യെരൂശലേമിന്റെ നേരെയും വരേണ്ടതിന്നു

18ദൃഷ്ടിവെച്ചാറെ യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവു എന്നീ യെഹൂദാരാജാക്കന്മാർ നിവേദിച്ചിരുന്ന സകലനിവേദിതവസ്തുക്കളും താൻ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്തു അരാംരാജാവായ ഹസായേലിന്നു കൊടുത്തു; അങ്ങനെ അവൻ യെരൂശലേമിനെ വിട്ടുപോയി.

19യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

20യോവാശിന്റെ ഭൃത്യന്മാർ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോ ഗൃഹത്തിൽവെച്ചു അവനെ കൊന്നു.

21ശിമെയാത്തിന്റെ മകനായ യോസാഖാർ, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മരായിരുന്നു അവനെ വെട്ടിക്കൊന്നതു. ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായ്തീൎന്നു.

2 ദിനവൃത്താന്തം

2 ദിന 24:23–27

23ആയാണ്ടു കഴിഞ്ഞപ്പോൾ അരാമ്യസൈന്യം അവന്റെ നേരെ പുറപ്പെട്ടു; അവർ യെഹൂദയിലും യെരൂശലേമിലും വന്നു ജനത്തിന്റെ സകലപ്രഭുക്കന്മാരെയും ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിച്ചു കൊള്ള ഒക്കെയും ദമ്മേശെക്‌രാജാവിന്നു കൊടുത്തയച്ചു.

24അരാമ്യസൈന്യം ആൾ ചുരൂക്കമായിട്ടു വന്നിരുന്നെങ്കിലും യഹോവ അവരുടെ കയ്യിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോടു അവർ ന്യായവിധി നടത്തി.

25അവർ അവനെ വിട്ടുപോയ ശേഷം -മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയതു- യെഹോയാദാപുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്തഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽവെച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവൻ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ലതാനും.

26അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും തന്നേ.

27അവന്റെ പുത്രന്മാരുടെയും അവന്നു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്റെയും ദൈവലായം അറ്റകുറ്റം തീൎത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായി.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും