Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് › ശലോമോൻ

രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് · ശലോമോൻ

ശലോമോനും ഹീരാമും പണിക്ക് ഒരുങ്ങുന്നു

1 രാജാ 5:1–12 · 2 ദിന 2:1–16

1 രാജാക്കന്മാർ

1 രാജാ 5:1–12

1ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു.

2ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ:

3എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാല്ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ അവന്നു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.

4എന്നാൽ ഇപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു.

5ആകയാൽ ഇതാ, ഞാൻ നിനക്കു പകരം നിന്റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയുമെന്നു യഹോവ എന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതു പോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ ഞാൻ വിചാരിക്കുന്നു.

6ആകയാൽ ലെബാനോനിൽനിന്നു എനിക്കായി ദേവദാരുമരം മുറിപ്പാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാൎക്കും നീ പറയുന്ന കൂലി ഞാൻ എത്തിച്ചുതരാം; സീദോന്യരെപ്പോലെ മരം മുറിപ്പാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.

7ഹീരാം ശലോമോന്റെ വാക്കു കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാൻ ദാവീദിന്നു ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

8ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാൎയ്യത്തിൽ നീ ഇച്ഛിച്ചതു ഒക്കെയും ഞാൻ ചെയ്യാം.

9എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാൎയ്യത്തിൽ നീ എന്റെ ഇഷ്ടവും നിവൎത്തിക്കേണം.

10അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു.

11ശലോമോൻ ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും.

12യഹോവ ശലോമോനോടു അരുളിച്ചെയ്തതുപോലെ അവന്നു ജ്ഞാനം നൽകി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു.

2 ദിനവൃത്താന്തം

2 ദിന 2:1–16

1അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു.

2ശലോമോൻ എഴുപതിനായിരം ചുമട്ടുകാരെയും മലയിൽ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവൎക്കു മേൽവിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു.

3പിന്നെ ശലോമോൻ സോർരാജാവായ ഹൂരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് തനിക്കു പാൎപ്പാൻ ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതിൽ നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം.

4ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാൻ പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു അതിൽ അവന്റെ സന്നിധിയിൽ സുഗന്ധധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇതു യിസ്രായേലിന്നു ഒരു ശാശ്വതനിയമം ആകുന്നു.

5ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻപോകുന്ന ആലയം വലിയതു.

6എന്നാൽ അവന്നു ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വൎഗ്ഗത്തിലും സ്വൎഗ്ഗാധിസ്വൎഗ്ഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാൻ ആർ?

7ആകയാൽ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കൽ യെഹൂദയിലും യെരൂശലേമിലും ഉള്ള കൌശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂൽ, ചുവപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടു പണിചെയ്‌വാൻ സമൎത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കൽ അയച്ചുതരേണം.

8ലെബാനോനിൽനിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാർ ലെബാനോനിൽ മരംവെട്ടുവാൻ സമൎത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാൻ എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും.

9ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കേണം.

10മരംവെട്ടുകാരായ നിന്റെ വേലക്കാൎക്കു ഞാൻ ഇരുപതിനായിരം കോർ കോതമ്പരിയും ഇരുപതിനായിരം കോർ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.

11സോർരാജാവായ ഹൂരാം ശലോമോന്നു: യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവൎക്കു രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു.

12ഹൂരാം പിന്നെയും പറഞ്ഞതു: യഹോവെക്കു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയേണ്ടതിന്നു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ് രാജാവിന്നു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.

13ഇപ്പോൾ ഞാൻ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു.

14അവൻ ഒരു ദാന്യസ്ത്രീയുടെ മകൻ; അവന്റെ അപ്പൻ ഒരു സോൎയ്യൻ. പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂൽ, നീലനൂൽ, ചണനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു പണിചെയ്‌വാനും ഏതുവിധം കൊത്തുപണി ചെയ്‌വാനും നിന്റെ കൌശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൌശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൌശലപ്പണിയും സങ്കല്പിപ്പാനും അവൻ സമൎത്ഥൻ ആകുന്നു.

15ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാൎക്കു കൊടുത്തയക്കട്ടെ.

16എന്നാൽ ഞങ്ങൾ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനിൽനിന്നു മരംവെട്ടി ചങ്ങാടംകെട്ടി കടൽവഴിയായി യാഫോവിൽ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും