Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് › ശലോമോൻ

രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് · ശലോമോൻ

ശലോമോന്റെ പ്രതിഷ്ഠാപ്രാർത്ഥന

1 രാജാ 8:22–53 · 2 ദിന 6:12–42

1 രാജാക്കന്മാർ

1 രാജാ 8:22–53

22അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ യിസ്രായേലിന്റെ സൎവ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈമലൎത്തി പറഞ്ഞതു എന്തെന്നാൽ:

23യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂൎണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാൎക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വൎഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.

24നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവൎത്തിച്ചുമിരിക്കുന്നു.

25ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവൎത്തിക്കേണമേ.

26ഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.

27എന്നാൽ ദൈവം യഥാൎത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വൎഗ്ഗത്തിലും സ്വൎഗ്ഗാധിസ്വൎഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?

28എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ ഇന്നു തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാൎത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാൎത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.

29അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാൎത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കൺപാൎത്തരുളേണമേ,

30ഈ സ്ഥലത്തുവെച്ചു പ്രാൎത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേൾക്കേണമേ. നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽ കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ.

31ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാൎയ്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ

32നീ സ്വൎഗ്ഗത്തിൽ കേട്ടു പ്രവൎത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.

33നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ടു ഈ ആലയത്തിൽവെച്ചു നിന്നോടു പ്രാൎത്ഥിക്കയും യാചിക്കയും ചെയ്താൽ

34നീ സ്വൎഗ്ഗത്തിൽ കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു അവരുടെ പിതാക്കന്മാൎക്കു കൊടുത്ത ദേശത്തേക്കു അവരെ മടക്കിവരുത്തേണമേ.

35അവർ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടഞ്ഞു മഴപെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാൎത്ഥിച്ചു നിന്റെ നാമത്തെ സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതരികയും ചെയ്താൽ

36നീ സ്വൎഗ്ഗത്തിൽ കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു, അവർ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ.

37ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്തു അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും

38നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാൎത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലൎത്തുകയും ചെയ്താൽ

39നീ നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽ കേട്ടു ക്ഷമിക്കയും

40ഞങ്ങളുടെ പിതാക്കന്മാൎക്കു നീ കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.

41അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരൻ ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും -

42അവർ നിന്റെ മഹത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കയ്യെയും കുറിച്ചു കേൾക്കുമല്ലോ - ഈ ആലയത്തിങ്കലേക്കു നോക്കി പ്രാൎത്ഥിക്കയും ചെയ്താൽ

43നീ നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽ കേട്ടു, ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്നെ ഭയപ്പെടുവാനും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരൻ നിന്നോടു പ്രാൎത്ഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.

44നീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും നിന്റെ നാമത്തിന്നു ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാൎത്ഥിച്ചാൽ

45നീ സ്വൎഗ്ഗത്തിൽ അവരുടെ പ്രാൎത്ഥനയും യാചനയും കേട്ടു അവൎക്കു ന്യായം പാലിച്ചുകൊടുക്കേണമേ.

46അവർ നിന്നോടു പാപം ചെയ്കയും -പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ- നീ അവരോടു കോപിച്ചു അവരെ ശത്രുവിന്നു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്റെ ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ

47അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ ഉണൎന്നു മനംതിരിഞ്ഞു, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവൎത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു

48നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ചു അവർ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു, നീ അവരുടെ പിതാക്കന്മാൎക്കു കൊടുത്ത ദേശത്തേക്കു, നീ തിരഞ്ഞെടുത്ത നഗരത്തിങ്കലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും നോക്കി നിന്നോടു പ്രാൎത്ഥിക്കയും ചെയ്താൽ

49നീ നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽ അവരുടെ പ്രാൎത്ഥനയും യാചനയും കേട്ടു അവൎക്കു ന്യായം പാലിച്ചുകൊടുത്തു,

50നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു, അവർ നിന്നോടു ചെയ്ത ദ്രോഹങ്ങളൊക്കെയും ക്ഷമിക്കയും അവരെ ബദ്ധന്മാരായി കൊണ്ടുപോയവൎക്കു അവരോടു കരുണതോന്നത്തക്കവണ്ണം അവൎക്കു അവരോടു കരുണ ലഭിക്കുമാറാക്കുകയും ചെയ്യേണമേ.

51അവർ മിസ്രയീം എന്ന ഇരുമ്പുലയുടെ നടുവിൽനിന്നു നീ കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും ആകുന്നുവല്ലോ.

52അവർ നിന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും നീ കേൾക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കൺ പാൎത്തരുളേണമേ.

53കൎത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.

2 ദിനവൃത്താന്തം

2 ദിന 6:12–42

12അനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ യിസ്രായേലിന്റെ സൎവ്വസഭയുടെയും സമക്ഷത്തുനിന്നുംകൊണ്ടു കൈ മലൎത്തി;

13ശലോമോൻ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വെച്ചിരുന്നു; അതിൽ അവൻ കയറിനിന്നു യിസ്രായേലിന്റെ സൎവ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലൎത്തി പറഞ്ഞതു എന്തെന്നാൽ:

14യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂൎണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാൎക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വൎഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.

15നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവൎത്തിച്ചുമിരിക്കുന്നു.

16ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിന്നു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവൎത്തിക്കേണമേ.

17യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.

18എന്നാൽ ദൈവം യഥാൎത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വൎഗ്ഗത്തിലും സ്വൎഗ്ഗാധിസ്വൎഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?

19എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാൎത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാൎത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.

20അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാൎത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാൎത്തരുളേണമേ.

21ഈ സ്ഥലത്തുവെച്ചു പ്രാൎത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ.

22ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാൎയ്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ

23നീ സ്വൎഗ്ഗത്തിൽനിന്നു കേട്ടു പ്രവൎത്തിച്ചു ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽതന്നേ വരുത്തി പ്രതികാരം ചെയ്‌വാനും നീതിമാന്റെ നീതിക്കു ഒത്തവണ്ണം അവന്നു നല്കി നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.

24നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചു കൊണ്ടു ഈ ആലയത്തിൽവെച്ചു നിന്റെ മുമ്പാകെ പ്രാൎത്ഥിക്കയും യാചിക്കയും ചെയ്താൽ

25നീ സ്വൎഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു നീ അവൎക്കും അവരുടെ പിതാക്കന്മാൎക്കും കൊടുത്ത ദേശത്തേക്കു അവരെ തിരിച്ചു വരുത്തേണമേ.

26അവർ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടെഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാൎത്ഥിച്ചു നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താൽ,

27നീ സ്വൎഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ.

28ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ,

29യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാൎത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലൎത്തുകയും ചെയ്താൽ,

30നീ നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽ നിന്നു കേട്ടു ക്ഷമിക്കയും

31ഞങ്ങളുടെ പിതാക്കന്മാൎക്കു കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.

32നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ - അവർ ഈ ആലയത്തിൽ വന്നു പ്രാൎത്ഥിക്കും നിശ്ചയം -

33നീ നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരൻ നിന്നോടു പ്രാൎത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ.

34നീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാൎത്ഥിച്ചാൽ

35നീ സ്വൎഗ്ഗത്തിൽനിന്നു അവരുടെ പ്രാൎത്ഥനയും യാചനയും കേട്ടു അവൎക്കു ന്യായം പാലിച്ചുകൊടുക്കേണമേ.

36അവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - നീ അവരോടു കോപിച്ചു അവരെ ശത്രുക്കൾക്കു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ

37അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ തങ്ങളുടെ ഹൃദയത്തിൽ ഉണൎന്നു പ്രവാസദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവൎത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു നിന്നോടു യാചിക്കയും

38അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവെച്ചു അവർ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു നീ അവരുടെ പിതാക്കന്മാൎക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാൎത്ഥിക്കയും ചെയ്താൽ

39നീ നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽനിന്നു അവരുടെ പ്രാൎത്ഥനയും യാചനകളും കേട്ടു അവൎക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ.

40ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാൎത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.

41ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.

42യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓൎക്കേണമേ.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും