ഹോം › ദിവസേനയുള്ള ബൈബിൾ വായനകൾ › 2027 മാർച്ച് › മാർച്ച് 15
ഓർത്തഡോക്സ് കലണ്ടർ · മാർച്ച് 2 (പഴയ രീതി)
ഓർത്തഡോക്സ് ദൈനംദിന വായനകൾ — 2027 മാർച്ച് 15
തിങ്കളാഴ്ച · വലിയ നോമ്പിന്റെ ഒന്നാം ആഴ്ച · സ്വരം 8
പെരുന്നാളുകളും വിശുദ്ധന്മാരും
വലിയ നോമ്പിന്റെ ആരംഭം
വലിയ നോമ്പ്
ഭക്ഷണത്തിൽ നിന്നു പൂർണ്ണമായ വർജ്ജനം
ഇത് സന്യാസ നിയമം പിന്തുടരുന്നു. ഒരു ഇടവകയിൽ, ആരോഗ്യം, പ്രായം, സാഹചര്യങ്ങൾ എന്നിവയനുസരിച്ച് കുമ്പസാരക്കാരനോടൊപ്പമാണ് നോമ്പിന്റെ അളവ് നിശ്ചയിക്കുന്നത്.
ദിവസത്തെ വായനകൾ
ആറാം മണിക്കൂർ
1ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദൎശിച്ച ദൎശനം. 2ആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റി വളൎത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു. 3കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല. 4അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. 5ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. 6അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. 7നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു; അതു അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു. 8സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു. 9സൈന്യങ്ങളുടെ യഹോവ നമുക്കു അത്യല്പമായോരു ശേഷിപ്പു വെച്ചിരുന്നില്ലെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറെക്കു സദൃശമാകുമായിരുന്നു. 10സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾപ്പിൻ; ഗൊമോറജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊൾവിൻ. 11നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല. 12നിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചതു ആർ? 13ഇനി നിങ്ങൾ വ്യൎത്ഥമായുള്ള കാഴ്ച കൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും - നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ. 14നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. 15നിങ്ങൾ കൈമലൎത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര തന്നേ പ്രാൎത്ഥന കഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. 16നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. 17നന്മ ചെയ്വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്നവനെ നേൎവ്വഴിക്കാക്കുവിൻ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിൻ; വിധവെക്കു വേണ്ടി വ്യവഹരിപ്പിൻ. 18വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. 19നിങ്ങൾ മനസ്സു വെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും. 20മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിന്നിരയായ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.
സന്ധ്യാ പ്രാർത്ഥന: വായന
1ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവൎത്തിച്ചുകൊണ്ടിരുന്നു. 3വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. 4വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. 5ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. 6ദൈവം: വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു. 7വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു. 8ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം. 9ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. 10ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു. 11ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 12ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു. 13സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
സന്ധ്യാ പ്രാർത്ഥന: വായന
1യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ. 2ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും 3പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും 4അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും നല്കുവാനും 5ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും 6സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു. 7യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു. 8മകനേ, അപ്പന്റെ പ്രബോധനം കേൾക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു; 9അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും. 10മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു. 11ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിൎദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക. 12പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സൎവ്വാംഗമായും വിഴുങ്ങിക്കളക. 13നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം. 14നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവൎക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ, 15മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാൽ അവരുടെ പാതയിൽ വെക്കയുമരുതു. 16അവരുടെ കാൽ ദോഷം ചെയ്വാൻ ഓടുന്നു; രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു. 17പക്ഷി കാൺകെ വലവിരിക്കുന്നതു വ്യൎത്ഥമല്ലോ. 18അവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. 19ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നേ; അതു അവരുടെ ജീവനെ എടുത്തുകളയുന്നു. 20ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേൾപ്പിക്കുന്നു.
തീയതികൾ റഷ്യൻ സഭയുടെ ജൂലിയൻ കലണ്ടർ അനുസരിച്ചാണ് (സെർബിയൻ, ജോർജിയൻ സഭകളെയും അതോസ് പർവ്വതത്തെയും പോലെ): സഭാ കലണ്ടറിലെ മാർച്ച് 2 സിവിൽ കലണ്ടറിലെ മാർച്ച് 15 ആണ്. പുതിയ കലണ്ടർ പിന്തുടരുന്ന സഭകൾ (ഗ്രീസ്, റൊമാനിയ, ബൾഗേറിയ, യുക്രെയ്ൻ…) സ്ഥിരപെരുന്നാളുകളും വിശുദ്ധന്മാരുടെ അനുസ്മരണങ്ങളും സിവിൽ തീയതിയിൽത്തന്നെ, 13 ദിവസം മുമ്പ്, ആചരിക്കുന്നു; അവരുടെ ചില വായനകൾ വ്യത്യസ്തമാണ്; ഈസ്റ്ററും അതിനെ ആശ്രയിക്കുന്ന ദിവസങ്ങളും ഒന്നുതന്നെ.