Bible Explorer ആപ്പ് നേടുക

ഹോം › ദിവസേനയുള്ള ബൈബിൾ വായനകൾ › 2027 ഫെബ്രുവരി › ഫെബ്രുവരി 16

ഓർത്തഡോക്സ് കലണ്ടർ · ഫെബ്രുവരി 3 (പഴയ രീതി)

ഓർത്തഡോക്സ് ദൈനംദിന വായനകൾ — 2027 ഫെബ്രുവരി 16

ചൊവ്വാഴ്ച · പെന്തെക്കൊസ്തിനു ശേഷമുള്ള 38-ആം ആഴ്ച · സ്വരം 4

പെരുന്നാളുകളും വിശുദ്ധന്മാരും

Afterfeast of the Meeting of the Lord

നോമ്പ്

നോമ്പില്ല

ഇത് സന്യാസ നിയമം പിന്തുടരുന്നു. ഒരു ഇടവകയിൽ, ആരോഗ്യം, പ്രായം, സാഹചര്യങ്ങൾ എന്നിവയനുസരിച്ച് കുമ്പസാരക്കാരനോടൊപ്പമാണ് നോമ്പിന്റെ അളവ് നിശ്ചയിക്കുന്നത്.

ദിവസത്തെ വായനകൾ

ലേഖനം (തിങ്കളാഴ്ചത്തേത്)

1 പത്രൊ 2:21–3:9

21അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. 22അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. 23തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാൎയ്യം ഭരമേല്പിക്കയത്രേ ചെയ്തതു. 24നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു. 25നിങ്ങൾ തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു. 3:1ഭാൎയ്യമാരേ, നിങ്ങളുടെ ഭൎത്താക്കന്മാൎക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിൎമ്മലമായ നടപ്പു കണ്ടറിഞ്ഞു 2വചനം കൂടാതെ ഭാൎയ്യമാരുടെ നടപ്പിനാൽ ചേൎന്നുവരുവാൻ ഇടയാകും. 3നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, 4സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. 5ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭൎത്താക്കന്മാൎക്കു കീഴടങ്ങിയിരുന്നതു. 6അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീൎന്നു. 7അങ്ങനെ തന്നേ ഭൎത്താക്കന്മാരേ, നിങ്ങളുടെ പ്രാൎത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാൎയ്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓൎത്തു അവൎക്കു ബഹുമാനം കൊടുപ്പിൻ. 8തീൎച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ. 9ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.

ലേഖനം

1 പത്രൊ 3:10–22

10“ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. 11അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. 12കൎത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാൎത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കൎത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാൎക്കു പ്രതികൂലമായിരിക്കുന്നു.” 13നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ? 14നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കൎത്താവായി വിശുദ്ധീകരിപ്പിൻ. 15നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. 16ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ. 17നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു. 18ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവൎക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു. 19ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീൎഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു. 20ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. 21അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. 22അവൻ സ്വൎഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.

ലേഖനം (വിശുദ്ധ ശിമ്യോന്റെയും വിശുദ്ധ ഹന്നായുടെയും ഓർമ്മയ്ക്ക്)

എബ്രാ 9:11–14

11ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി, എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ 12ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. 13ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും 14ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അൎപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിൎജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?

സുവിശേഷം (തിങ്കളാഴ്ചത്തേത്)

മർക്കൊ 12:13–17

13അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു. 14അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസൎക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു. 15അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു. 16അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു. 17യേശു അവരോടു: കൈസൎക്കുള്ളതു കൈസൎക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചൎയ്യപ്പെട്ടു.

സുവിശേഷം

മർക്കൊ 12:18–27

18പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ: 19ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാൎയ്യ ശേഷിച്ചാൽ ആ ഭാൎയ്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. 20എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി. 21രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ. 22ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവൎക്കും ഒടുവിൽ സ്ത്രീയും മരിച്ചു. 23പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാൎയ്യയാകും? ഏഴുവൎക്കും ഭാൎയ്യ ആയിരുന്നുവല്ലോ. 24യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു? 25മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വൎഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും. 26എന്നാൽ മരിച്ചവർ ഉയിൎത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടൎപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ? 27അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.

സുവിശേഷം (വിശുദ്ധ ശിമ്യോന്റെയും വിശുദ്ധ ഹന്നായുടെയും ഓർമ്മയ്ക്ക്)

ലൂക്കൊ 2:25–38

25യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു. 26കൎത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു. 27അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്റെ ചട്ടപ്രകാരം ചെയ്‌വാൻ അമ്മയപ്പന്മാർ അവനെ അകത്തു കൊണ്ടുചെന്നപ്പോൾ 28അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്ത്തി: 29“ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. 30ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി 31നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ 32എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു. 33ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതിൽ അവന്റെ അപ്പനും അമ്മയും ആശ്ചൎയ്യപ്പെട്ടു. 34പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോടു: അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്നു ഇവനെ യിസ്രായേലിൽ പലരുടെയും വീഴ്ചെയക്കും എഴുന്നേല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു. 35നിന്റെ സ്വന്തപ്രാണനിൽകൂടിയും ഒരു വാൾ കടക്കും എന്നു പറഞ്ഞു. 36ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭൎത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി 37ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാൎത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു. 38ആ നാഴികയിൽ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.

തീയതികൾ റഷ്യൻ സഭയുടെ ജൂലിയൻ കലണ്ടർ അനുസരിച്ചാണ് (സെർബിയൻ, ജോർജിയൻ സഭകളെയും അതോസ് പർവ്വതത്തെയും പോലെ): സഭാ കലണ്ടറിലെ ഫെബ്രുവരി 3 സിവിൽ കലണ്ടറിലെ ഫെബ്രുവരി 16 ആണ്. പുതിയ കലണ്ടർ പിന്തുടരുന്ന സഭകൾ (ഗ്രീസ്, റൊമാനിയ, ബൾഗേറിയ, യുക്രെയ്ൻ…) സ്ഥിരപെരുന്നാളുകളും വിശുദ്ധന്മാരുടെ അനുസ്മരണങ്ങളും സിവിൽ തീയതിയിൽത്തന്നെ, 13 ദിവസം മുമ്പ്, ആചരിക്കുന്നു; അവരുടെ ചില വായനകൾ വ്യത്യസ്തമാണ്; ഈസ്റ്ററും അതിനെ ആശ്രയിക്കുന്ന ദിവസങ്ങളും ഒന്നുതന്നെ.