Bible Explorer ആപ്പ് നേടുക

ഹോം › ദിവസേനയുള്ള ബൈബിൾ വായനകൾ › 2027 ജനുവരി › ജനുവരി 17

കത്തോലിക്കാ കലണ്ടർ

കുർബാനയിലെ വായനകൾ (കത്തോലിക്കാ) — 2027 ജനുവരി 17

ഞായറാഴ്ച · സാധാരണകാലത്തിന്റെ രണ്ടാം ആഴ്ച

പെരുന്നാളുകളും വിശുദ്ധന്മാരും

സാധാരണകാലത്തിന്റെ രണ്ടാം ഞായറാഴ്ച

ഞായറാഴ്ച · ആരാധനാ നിറം: പച്ച

ദിവസത്തെ വായനകൾ

ഒന്നാം വായന

1 ശമു 3:3–10, 19

3ശമൂവേൽ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്കു കെടുന്നതിന്നു മുമ്പെ ചെന്നു കിടന്നു. 4യഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്നു അവൻ വിളികേട്ടു ഏലിയുടെ അടുക്കൽ ഓടിച്ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. 5ഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു; അവൻ പോയി കിടന്നു. 6യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു. 7ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല. 8യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി. 9ഏലി ശമൂവേലിനോടു: പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്തു ചെന്നുകിടന്നു. 10അപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു. 19എന്നാൽ ശമൂവേൽ വളൎന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇട വരുത്തിയില്ല.

പ്രതിവചന സങ്കീർത്തനം

സങ്കീ 40:2–3, 6–9

2നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിൎത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി. 3അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും. 6ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല. 7അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു; 8എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു. 9ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.

രണ്ടാം വായന

1 കൊരി 6:13–15, 17–20

13ഭോജ്യങ്ങൾ വയറ്റിന്നും വയറു ഭോജ്യങ്ങൾക്കും ഉള്ളതു; എന്നാൽ ദൈവം ഇതിനെയും അതിനെയും ഇല്ലായ്മയാക്കും. ശരീരമോ ദുൎന്നടപ്പിന്നല്ല കൎത്താവിന്നത്രേ; കൎത്താവു ശരീരത്തിന്നും. 14എന്നാൽ ദൈവം കൎത്താവിനെ ഉയിൎപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിൎപ്പിക്കും. 15നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്തു വേശ്യയുടെ അവയവങ്ങൾ ആക്കാമോ? ഒരുനാളും അരുതു. 17കൎത്താവിനോടു പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവു ആകുന്നു. 18ദുൎന്നടപ്പു വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുൎന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു. 19ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? 20ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.

സുവിശേഷം

യോഹന്നാൻ 1:35–42

35പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ 36കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു. 37അവൻ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു. 38യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങൾ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാൎക്കുന്നു എന്നു ചോദിച്ചു. 39അവൻ അവരോടു: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാൎത്തു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നു. 40യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. 41അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. 42അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.

ഇന്നത്തെ വിശുദ്ധന്മാർ

പൊതു റോമൻ കലണ്ടർ; മെത്രാൻ സമിതിക്ക് ചില തിരുനാളുകൾ (ദനഹാ, സ്വർഗ്ഗാരോഹണം, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ) ഞായറാഴ്ചയിലേക്കു മാറ്റുകയോ സ്വന്തം തിരുനാളുകൾ ചേർക്കുകയോ ചെയ്യാം. വായനാക്രമം: ഞായറാഴ്ച ചക്രം B, പ്രവൃത്തിദിവസ വർഷം I.