Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് › യെരൂശലേമിന്റെ പതനം

രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് · യെരൂശലേമിന്റെ പതനം

യെഹൂദാരാജാവായ യെഹോയാക്കീം

2 രാജാ 23:36–37; 24:1–7 · 2 ദിന 36:5–8

2 രാജാക്കന്മാർ

2 രാജാ 23:36–37; 24:1–7

23:36യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു സെബീദാ എന്നു പേർ; അവൾ രൂമക്കാരനായ പെദായാവിന്റെ മകൾ ആയിരുന്നു.

23:37അവൻ തന്റെ പിതാക്കന്മാർ ചെയ്തതുപോലെ ഒക്കെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

24:1അവന്റെ കാലത്തു ബാബേൽരാജാവായ നെബൂഖദ്നേസർ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവൻ തിരിഞ്ഞു അവനോടു മത്സരിച്ചു. അപ്പോൾ യഹോവ കൽദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരെ അയച്ചു;

24:2പ്രവാചകന്മാരായ തന്റെ ദാസന്മാർമുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.

24:3മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളവാൻ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവൎക്കു ഭവിച്ചു.

24:4അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാൻ യഹോവെക്കു മനസ്സായില്ല.

24:5യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

24:6യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവന്നു പകരം രാജാവായി.

24:7മിസ്രയീംരാജാവിന്നു മിസ്രയീംതോടുമുതൽ ഫ്രാത്ത് നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേൽരാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവു പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.

2 ദിനവൃത്താന്തം

2 ദിന 36:5–8

5യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ ഏഴു സംവത്സരം യെരൂശലേമിൽ വാണു; അവൻ തന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

6അവന്റെ നേരെ ബാബേൽരാജാവായ നെബൂഖദ്നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി,

7നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലിൽ കൊണ്ടുപോയി ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ വെച്ചു.

8യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതും അവനിൽ കണ്ടതുമായ മ്ലേച്ഛതകളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീൻ അവന്നുപകരം രാജാവായി.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും