Bible Explorer ആപ്പ് നേടുക

ഹോം › ദിവസേനയുള്ള ബൈബിൾ വായനകൾ › 2027 ജൂലൈ › ജൂലൈ 12

കത്തോലിക്കാ കലണ്ടർ

കുർബാനയിലെ വായനകൾ (കത്തോലിക്കാ) — 2027 ജൂലൈ 12

തിങ്കളാഴ്ച · സാധാരണകാലത്തിന്റെ 15-ആം ആഴ്ച

പെരുന്നാളുകളും വിശുദ്ധന്മാരും

സാധാരണകാലത്തിന്റെ 15-ആം ആഴ്ചയിലെ തിങ്കളാഴ്ച

പ്രവൃത്തിദിവസം · ആരാധനാ നിറം: പച്ച

ദിവസത്തെ വായനകൾ

ഒന്നാം വായന

പുറ 1:8–14, 22

8അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി. 9അവൻ തന്റെ ജനത്തോടു: യിസ്രായേൽജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. 10അവർ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേൎന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക. 11അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു. 12എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വൎദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു. 13മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. 14കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവൎത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവർ അവരുടെ ജീവനെ കൈപ്പാക്കി. 22പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.

പ്രതിവചന സങ്കീർത്തനം

സങ്കീ 124:1–8

1ദാവീദിന്റെ ഒരു ആരോഹണഗീതം. യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, 2മനുഷ്യർ നമ്മോടു എതിൎത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, 3അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; 4വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു; 5പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു. 6നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ. 7വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു. 8നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.

സുവിശേഷം

മത്താ 10:34–11:1

34ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. 35മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. 36മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും. 37എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. 38തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല. 39തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും. 40നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. 41പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാൻ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും. 42ശിഷ്യൻ എന്നു വെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 11:1യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീൎന്നശേഷം അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി.

പൊതു റോമൻ കലണ്ടർ; മെത്രാൻ സമിതിക്ക് ചില തിരുനാളുകൾ (ദനഹാ, സ്വർഗ്ഗാരോഹണം, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ) ഞായറാഴ്ചയിലേക്കു മാറ്റുകയോ സ്വന്തം തിരുനാളുകൾ ചേർക്കുകയോ ചെയ്യാം. വായനാക്രമം: ഞായറാഴ്ച ചക്രം B, പ്രവൃത്തിദിവസ വർഷം I.