Bible Explorer ആപ്പ് നേടുക

ഹോം › ദിവസേനയുള്ള ബൈബിൾ വായനകൾ › 2026 ഡിസംബർ › ഡിസംബർ 19

കത്തോലിക്കാ കലണ്ടർ

കുർബാനയിലെ വായനകൾ (കത്തോലിക്കാ) — 2026 ഡിസംബർ 19

ശനിയാഴ്ച · ആഗമനകാലത്തിന്റെ മൂന്നാം ആഴ്ച

പെരുന്നാളുകളും വിശുദ്ധന്മാരും

ഡിസംബർ 19

പ്രവൃത്തിദിവസം · ആരാധനാ നിറം: വയലറ്റ്

ദിവസത്തെ വായനകൾ

ഒന്നാം വായന

ന്യായാ 13:2–7, 24–25

2എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാൎയ്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല. 3ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗൎഭംധരിച്ചു ഒരു മകനെ പ്രസവിക്കും. 4ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു. 5നീ ഗൎഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗൎഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും. 6സ്ത്രീ ചെന്നു ഭൎത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല. 7അവൻ എന്നോടു നീ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലൻ ഗൎഭംമുതൽ ജീവപൎയ്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു. 24അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോൻ എന്നു പേരിട്ടു ബാലൻ വളൎന്നു; യഹോവ അവനെ അനുഗ്രഹിച്ചു. 25സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.

പ്രതിവചന സങ്കീർത്തനം

സങ്കീ 71:3–6, 16–17

3ഞാൻ എപ്പോഴും വന്നു പാൎക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ. 4എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽ നിന്നും എന്നെ വിടുവിക്കേണമേ. 5യഹോവയായ കൎത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ. 6ഗൎഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്നു എന്നെ എടുത്തവൻ നീ തന്നേ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു; 16ഞാൻ യഹോവയായ കൎത്താവിന്റെ വീൎയ്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീൎത്തിക്കും. 17ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.

സുവിശേഷം

ലൂക്കൊ 1:5–25

5യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖൎയ്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാൎയ്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ. 6ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കൎത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. 7എലീശബെത്ത് മച്ചിയാകകൊണ്ടു അവൎക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു. 8അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: 9പൌരോഹിത്യമൎയ്യാദപ്രകാരം കൎത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു. 10ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാൎത്ഥിച്ചുകൊണ്ടിരുന്നു. 11അപ്പോൾ കൎത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി. 12സെഖൎയ്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. 13ദൂതൻ അവനോടു പറഞ്ഞതു: സെഖൎയ്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാൎത്ഥനെക്കു ഉത്തരമായി: നിന്റെ ഭാൎയ്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം. 14നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. 15അവൻ കൎത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗൎഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. 16അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കൎത്താവിങ്കലേക്കു തിരിച്ചുവരുത്തും. 17അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കൎത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും. 18സെഖൎയ്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാൎയ്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. 19ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വൎത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. 20തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു. 21ജനം സെഖൎയ്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചൎയ്യപെട്ടു. 22അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദൎശനം കണ്ടു എന്നു അവർ അറിഞ്ഞു; അവൻ അവൎക്കു ആഗ്യം കാട്ടി ഊമനായി പാൎത്തു. 23അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി. 24ആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാൎയ്യ എലീശബെത്ത് ഗൎഭം ധരിച്ചു: 25മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കൎത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാൎത്തു.

പൊതു റോമൻ കലണ്ടർ; മെത്രാൻ സമിതിക്ക് ചില തിരുനാളുകൾ (ദനഹാ, സ്വർഗ്ഗാരോഹണം, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ) ഞായറാഴ്ചയിലേക്കു മാറ്റുകയോ സ്വന്തം തിരുനാളുകൾ ചേർക്കുകയോ ചെയ്യാം. വായനാക്രമം: ഞായറാഴ്ച ചക്രം B, പ്രവൃത്തിദിവസ വർഷം I.