Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് › യെഹൂദയിലെ രാജാക്കന്മാർ

രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് · യെഹൂദയിലെ രാജാക്കന്മാർ

യെഹൂദാരാജാവായ ആഹാസ്

2 രാജാ 16:1–20 · 2 ദിന 28:1–27

2 രാജാക്കന്മാർ

2 രാജാ 16:1–20

1രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി.

2ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ തന്റെ ദൈവമായ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല.

3അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.

4അവൻ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.

5അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിപ്പാൻ അവൎക്കു കഴിഞ്ഞില്ല.

6അന്നു അരാംരാജാവായ രെസീൻ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേൎത്തു യെഹൂദന്മാരെ ഏലത്തിൽനിന്നു നീക്കിക്കളഞ്ഞു; അരാമ്യർ ഏലത്തിൽ വന്നു ഇന്നുവരെയും അവിടെ പാൎക്കുന്നു.

7ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിൎത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യിൽനിന്നും യിസ്രായേൽരാജാവിന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.

8അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂർരാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.

9അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.

10ആഹാസ് രാജാവു അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേല്പാൻ ദമ്മേശെക്കിൽ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ് രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.

11ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവു ദമ്മേശെക്കിൽനിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ് രാജാവു ദമ്മേശെക്കിൽനിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതൻ അതു പണിതിരുന്നു.

12രാജാവു ദമ്മേശെക്കിൽനിന്നു വന്നപ്പോൾ ആ യാഗപീഠം കണ്ടു; രാജാവു യാഗപീഠത്തിങ്കൽ ചെന്നു അതിന്മേൽ കയറി.

13ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകൎന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.

14യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻവശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.

15ആഹാസ് രാജാവു ഊരീയാപുരോഹിതനോടു കല്പിച്ചതു: മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാൻ ആലോചിച്ചു കൊള്ളാം.

16ആഹാസ് രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതൻ ചെയ്തു.

17ആഹാസ് രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെമേൽനിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേൽ വെച്ചു.

18ആലയത്തിങ്കൽ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂർരാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കൽനിന്നു മാറ്റിക്കളഞ്ഞു.

19ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

20ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ഹിസ്കീയാവു അവന്നു പകരം രാജാവായി.

2 ദിനവൃത്താന്തം

2 ദിന 28:1–27

1ആഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; എന്നാൽ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല.

2അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴികളിൽ നടന്നു ബാൽവിഗ്രഹങ്ങളെ വാൎത്തുണ്ടാക്കി.

3അവൻ ബെൻ-ഹിന്നോംതാഴ്വരയിൽ ധൂപം കാട്ടുകയും യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.

4അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു.

5ആകയാൽ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ചു അവരിൽ അസംഖ്യംപേരെ പിടിച്ചു ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവൻ യിസ്രായേൽരാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.

6അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദയിൽ ഒരു ലക്ഷത്തിരുപതിനായിരംപേരെ ഒരേദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.

7എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവെയും രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിന്നു രണ്ടാമനായിരുന്ന എല്ക്കാനയെയും കൊന്നുകളഞ്ഞു.

8യിസ്രായേല്യർ തങ്ങളുടെ സഹോദരജനത്തിൽ സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമൎയ്യയിലേക്കു കൊണ്ടുപോയി.

9എന്നാൽ ഓദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകൻ അവിടെ ഉണ്ടായിരുന്നു; അവൻ ശമൎയ്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റു ചെന്നു അവരോടു പറഞ്ഞതു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ചിരിക്കകൊണ്ടു അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു; നിങ്ങൾ അവരെ ആകാശപൎയ്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.

10ഇപ്പോഴോ നിങ്ങൾ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാൻ ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങൾ ഇല്ലയോ?

11ആകയാൽ ഞാൻ പറയുന്നതു കേൾപ്പിൻ; നിങ്ങളുടെ സഹോദരന്മാരിൽനിന്നു നിങ്ങൾ പിടിച്ചു കൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയപ്പിൻ; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും.

12അപ്പോൾ യോഹാനാന്റെ മകൻ അസൎയ്യാവു, മെശില്ലേമോത്തിന്റെ മകൻ ബേരെഖ്യാവു, ശല്ലൂമിന്റെ മകൻ യെഹിസ്കീയാവു, ഹദ്ലായിയുടെ മകൻ അമാസാ എന്നിങ്ങനെ എഫ്രയീമ്യതലവന്മാരിൽ ചിലർ യുദ്ധത്തിൽനിന്നു വന്നവരോടു എതിൎത്തുനിന്നു അവരോടു:

13നിങ്ങൾ ബദ്ധന്മാരെ ഇവിടെ കൊണ്ടുവരരുതു; നാം തന്നേ യഹോവയോടു അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാൻ നിങ്ങൾ ഭാവിക്കുന്നു; നമുക്കു വലിയൊരു അകൃത്യം ഉണ്ടു; ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

14അപ്പോൾ പ്രഭുക്കന്മാരും സൎവ്വസഭയും കാൺകെ ആയുധപാണികൾ ബദ്ധന്മാരെയും കൊള്ളയെയും വിട്ടയച്ചു.

15പേർ ചൊല്ലി വിളിക്കപ്പെട്ട ആളുകൾ എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരിൽ നഗ്നന്മാരായവരെ ഒക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവൎക്കു തിന്മാനും കുടിപ്പാനും കൊടുത്തു എണ്ണയും തേപ്പിച്ചു ക്ഷീണിച്ചുപോയവരെ ഒക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കി ശമൎയ്യെക്കു മടങ്ങിപ്പോയി.

16ആ കാലത്തു ആഹാസ് രാജാവു തന്നെ സഹായിക്കേണ്ടതിന്നു അശ്ശൂർരാജാക്കന്മാരുടെ അടുക്കൽ ആളയച്ചു.

17എദോമ്യർ പിന്നെയും വന്നു യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു.

18ഫെലിസ്ത്യരും താഴ്വീതിയിലും യെഹൂദയുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേൎന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേൎന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേൎന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാൎത്തു.

19യിസ്രായേൽരാജാവായ ആഹാസ് യെഹൂദയിൽ നിൎമ്മൎയ്യാദം കാണിച്ചു യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ടു അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി.

20അശ്ശൂർരാജാവായ തിൽഗത്ത്-പിൽനേസെർ അവന്റെ അടുക്കൽ വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു.

21ആഹാസ് യെഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കവൎന്നെടുത്തു അശ്ശൂർരാജാവിന്നു കൊടുത്തു; എങ്കിലും ഇതിനാൽ അവന്നു സഹായം ഉണ്ടായില്ല.

22ആഹാസ് രാജാവ് തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു.

23എങ്ങനെയെന്നാൽ: അരാം രാജാക്കന്മാരുടെ ദേവന്മാർ അവരെ സഹായിച്ചതുകൊണ്ടു അവർ എന്നെയും സഹായിക്കേണ്ടതിന്നു ഞാൻ അവൎക്കു ബലികഴിക്കും എന്നു പറഞ്ഞു അവൻ തന്നേ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാൎക്കു ബലികഴിച്ചു; എന്നാൽ അവ അവന്നും എല്ലായിസ്രായേലിന്നും നാശകാരണമായി ഭവിച്ചു.

24ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്തു ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടെച്ചു, യഹോവയുടെ ആലയത്തിന്റെ വാതിലുകൾ അടെച്ചുകളഞ്ഞു യെരൂശലേമിന്റെ ഓരോ മൂലയിലുംബലിപീഠങ്ങൾ ഉണ്ടാക്കി.

25അന്യദേവന്മാൎക്കു ധൂപം കാട്ടുവാൻ അവൻ യെഹൂദയിലെ ഓരോ പട്ടണത്തിലും പൂജാഗിരികൾ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.

26അവന്റെ മറ്റുള്ളവൃത്താന്തങ്ങളും സകലപ്രവൃത്തികളും ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.

27ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തിൽ അടക്കംചെയ്തു. യിസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവു അവന്നു പകരം രാജാവായി.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും