Bible Explorer ആപ്പ് നേടുക

ഹോം › ദിവസേനയുള്ള ബൈബിൾ വായനകൾ › 2027 ഫെബ്രുവരി › ഫെബ്രുവരി 1

കത്തോലിക്കാ കലണ്ടർ

കുർബാനയിലെ വായനകൾ (കത്തോലിക്കാ) — 2027 ഫെബ്രുവരി 1

തിങ്കളാഴ്ച · സാധാരണകാലത്തിന്റെ നാലാം ആഴ്ച

പെരുന്നാളുകളും വിശുദ്ധന്മാരും

സാധാരണകാലത്തിന്റെ നാലാം ആഴ്ചയിലെ തിങ്കളാഴ്ച

പ്രവൃത്തിദിവസം · ആരാധനാ നിറം: പച്ച

ദിവസത്തെ വായനകൾ

ഒന്നാം വായന

എബ്രാ 11:32–40

32ഇനി എന്തുപറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ. 33വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു, 34തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീൎന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു. 35സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിൎത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിൎത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു. 36വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. 37കല്ലേറു ഏറ്റു, ഈൎച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു. 38കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളൎപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവൎക്കു യോഗ്യമായിരുന്നില്ല. 39അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. 40അവർ നമ്മെ കൂടാതെ രക്ഷാപൂൎത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.

പ്രതിവചന സങ്കീർത്തനം

സങ്കീ 31:19–23

19നിന്റെ ഭക്തന്മാൎക്കു വേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവൎക്കു വേണ്ടി മനുഷ്യപുത്രന്മാർ കാൺകെ നീ പ്രവൎത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു. 20നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവിൽ മറെക്കും. നീ അവരെ നാവുകളുടെ വക്കാണത്തിൽനിന്നു രക്ഷിച്ചു ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും. 21യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു. 22ഞാൻ നിന്റെ ദൃഷ്ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു. 23യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവൎത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു.

സുവിശേഷം

മർക്കൊ 5:1–20

1അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി. 2പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു. 3അവന്റെ പാൎപ്പു കല്ലറകളിൽ ആയിരുന്നു; ആൎക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു. 4പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആൎക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല. 5അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു. 6അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു. 7അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 8അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു. 9നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു; 10നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു. 11അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 12ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു. 13അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീൎപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു. 14പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു 15യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. 16കണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാൎയ്യവും അവരോടു അറിയിച്ചു. 17അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി. 18അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു. 19യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കൎത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു. 20അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചൎയ്യപ്പെടുകയും ചെയ്തു.

പൊതു റോമൻ കലണ്ടർ; മെത്രാൻ സമിതിക്ക് ചില തിരുനാളുകൾ (ദനഹാ, സ്വർഗ്ഗാരോഹണം, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ) ഞായറാഴ്ചയിലേക്കു മാറ്റുകയോ സ്വന്തം തിരുനാളുകൾ ചേർക്കുകയോ ചെയ്യാം. വായനാക്രമം: ഞായറാഴ്ച ചക്രം B, പ്രവൃത്തിദിവസ വർഷം I.