ഹോം › ദിവസേനയുള്ള ബൈബിൾ വായനകൾ › 2026 ഒക്ടോബർ › ഒക്ടോബർ 25
ഓർത്തഡോക്സ് കലണ്ടർ · ഒക്ടോബർ 12 (പഴയ രീതി)
ഓർത്തഡോക്സ് ദൈനംദിന വായനകൾ — 2026 ഒക്ടോബർ 25
ഞായറാഴ്ച · സ്വരം 4
പെരുന്നാളുകളും വിശുദ്ധന്മാരും
പെന്തെക്കൊസ്തിനു ശേഷമുള്ള 21-ആം ഞായറാഴ്ച
ഏഴാം സാർവ്വത്രിക സൂനഹദോസിന്റെ പിതാക്കന്മാർ
നോമ്പ്
നോമ്പില്ല
ഇത് സന്യാസ നിയമം പിന്തുടരുന്നു. ഒരു ഇടവകയിൽ, ആരോഗ്യം, പ്രായം, സാഹചര്യങ്ങൾ എന്നിവയനുസരിച്ച് കുമ്പസാരക്കാരനോടൊപ്പമാണ് നോമ്പിന്റെ അളവ് നിശ്ചയിക്കുന്നത്.
ദിവസത്തെ വായനകൾ
സന്ധ്യാ പ്രാർത്ഥന: വായന
14തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടൎന്നു. 15രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടൎന്നു. 16അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു. 17അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോൾ സൊദോംരാജാവു രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു. 18ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. 19അവൻ അവനെ അനുഗ്രഹിച്ചു: സ്വൎഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ; 20നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
സന്ധ്യാ പ്രാർത്ഥന: വായന
8ഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; നിങ്ങൾ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തെ കൈവശമാക്കുവിൻ. 9അക്കാലത്തു ഞാൻ നിങ്ങളോടു പറഞ്ഞതു: എനിക്കു ഏകനായി നിങ്ങളെ വഹിപ്പാൻ കഴികയില്ല. 10നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വൎദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ ഇരിക്കുന്നു. 11നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ. 15ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേൎക്കു അധിപതിമാർ, നൂറുപേൎക്കു അധിപതിമാർ, അമ്പതുപേൎക്കു അധിപതിമാർ, പത്തുപേൎക്കു അധിപതിമാർ ഇങ്ങനെ നിങ്ങൾക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു. 16അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതു: നിങ്ങളുടെ സഹോദരന്മാൎക്കു തമ്മിലുള്ള കാൎയ്യങ്ങളെ കേട്ടു, ആൎക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാൎയ്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ. 17ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാൎയ്യവും വലിയവന്റെ കാൎയ്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ളതല്ലോ. നിങ്ങൾക്കു അധികം പ്രയാസമുള്ള കാൎയ്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതു ഞാൻ തീൎക്കും
സന്ധ്യാ പ്രാർത്ഥന: വായന
14ഇതാ, സ്വൎഗ്ഗവും സ്വൎഗ്ഗാധിസ്വൎഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവെക്കുള്ളവ ആകുന്നു. 15നിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു. 16ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചൎമ്മം പരിച്ഛേദന ചെയ്വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു. 17നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികൎത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല. 18അവൻ അനാഥൎക്കും വിധവമാൎക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു. 19ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ. 20നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേൎന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം. 21അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാൎയ്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവൻ തന്നേ.
പ്രഭാത പ്രാർത്ഥനയുടെ 10-ആം സുവിശേഷം
1അതിന്റെശേഷം യേശു പിന്നെയും തിബെൎയ്യാസ് കടല്ക്കരയിൽവെച്ചു ശിഷ്യന്മാൎക്കു പ്രത്യക്ഷനായി; പ്രത്യക്ഷനായതു ഈ വിധം ആയിരുന്നു: 2ശിമോൻ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനയിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരുന്നു. 3ശിമോൻ പത്രൊസ് അവരോടു: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയിൽ ഒന്നും പിടിച്ചില്ല. 4പുലൎച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു; യേശു ആകുന്നു എന്നു ശിഷ്യന്മാർ അറിഞ്ഞില്ല. 5യേശു അവരോടു: കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്നു അവർ ഉത്തരം പറഞ്ഞു. 6പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാൻ കഴിഞ്ഞില്ല. 7യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അതു കൎത്താവു ആകുന്നു എന്നു പറഞ്ഞു; കൎത്താവു ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി. 8ശേഷം ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകിൽ വന്നു. 9കരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. 10യേശു അവരോടു: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. 11ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീൻ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല. 12യേശു അവരോടു: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കൎത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല. 13യേശു വന്നു അപ്പം എടുത്തു അവൎക്കു കൊടുത്തു; മീനും അങ്ങനെ തന്നേ. 14യേശു മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രാവശ്യം ശിഷ്യന്മാൎക്കു പ്രത്യക്ഷനായി.
ലേഖനം
16എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ. 17എന്നാൽ ക്രിസ്തുവിൽ നീതീകരണം അന്വേഷിക്കയിൽ നാമും പാപികൾ എന്നു വരുന്നു എങ്കിൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരൻ എന്നോ? ഒരുനാളം അല്ല. 18ഞാൻ പൊളിച്ചതു വീണ്ടും പണിതാൽ ഞാൻ ലംഘനക്കാരൻ എന്നു എന്നെത്തന്നേ തെളിയിക്കുന്നു. 19ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചു. 20ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു
ലേഖനം (പിതാക്കന്മാരുടെ ഓർമ്മയ്ക്ക്)
7നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓൎത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓൎത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ. 8യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ. 9വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവൎക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാൽ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു. 10കൂടാരത്തിൽ ശുശ്രൂഷിക്കുന്നവൎക്കു അഹോവൃത്തി കഴിപ്പാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു. 11മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു. 12അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു. 13ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക. 14ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു. 15അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അൎപ്പിക്കുക. 16നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.
സുവിശേഷം
11പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. 12അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവൻ അമ്മക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. 13അവളെ കണ്ടിട്ടു കൎത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു. 14ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു. 15മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു. 16എല്ലാവൎക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദൎശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
സുവിശേഷം (പിതാക്കന്മാരുടെ ഓർമ്മയ്ക്ക്)
1ഇതു സംസാരിച്ചിട്ടു യേശു സ്വൎഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ. 2നീ അവന്നു നല്കീട്ടുള്ളവൎക്കെല്ലാവൎക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നല്കിയിരിക്കുന്നുവല്ലോ. 3ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. 4ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു. 5ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ. 6നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യൎക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു. 7നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു. 8നീ എനിക്കു തന്ന വചനം ഞാൻ അവൎക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു. 9ഞാൻ അവൎക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവൎക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു. 10എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു. 11ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ. 12അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. 13ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവൎക്കു ഉള്ളിൽ പൂൎണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
തീയതികൾ റഷ്യൻ സഭയുടെ ജൂലിയൻ കലണ്ടർ അനുസരിച്ചാണ് (സെർബിയൻ, ജോർജിയൻ സഭകളെയും അതോസ് പർവ്വതത്തെയും പോലെ): സഭാ കലണ്ടറിലെ ഒക്ടോബർ 12 സിവിൽ കലണ്ടറിലെ ഒക്ടോബർ 25 ആണ്. പുതിയ കലണ്ടർ പിന്തുടരുന്ന സഭകൾ (ഗ്രീസ്, റൊമാനിയ, ബൾഗേറിയ, യുക്രെയ്ൻ…) സ്ഥിരപെരുന്നാളുകളും വിശുദ്ധന്മാരുടെ അനുസ്മരണങ്ങളും സിവിൽ തീയതിയിൽത്തന്നെ, 13 ദിവസം മുമ്പ്, ആചരിക്കുന്നു; അവരുടെ ചില വായനകൾ വ്യത്യസ്തമാണ്; ഈസ്റ്ററും അതിനെ ആശ്രയിക്കുന്ന ദിവസങ്ങളും ഒന്നുതന്നെ.