Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് › ശൗലും ദാവീദും

രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് · ശൗലും ദാവീദും

അമ്മോന്യരോടും അരാമ്യരോടുമുള്ള യുദ്ധം

2 ശമു 10:1–19 · 1 ദിന 19:1–19

2 ശമൂവേൽ

2 ശമു 10:1–19

1അതിന്റെശേഷം അമ്മോന്യരുടെ രാജാവു മരിച്ചു; അവന്റെ മകനായ ഹാനൂൻ അവന്നു പകരം രാജാവായി.

2അപ്പോൾ ദാവീദ്: ഹാനൂന്റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്റെ മകന്നു ഞാനും ദയ ചെയ്യും എന്നു പറഞ്ഞു അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ തന്റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.

3ദാവീദിന്റെ ഭൃത്യന്മാർ അമ്മോന്യരുടെ ദേശത്തു എത്തിയപ്പോൾ അമ്മോന്യപ്രഭുക്കന്മാർ തങ്ങളുടെ യജമാനനായ ഹാനൂനോടു: ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്റെ അടുക്കൽ അയച്ചതു എന്നു തോന്നുന്നുവോ? പട്ടണത്തെ ശോധനചെയ്തു ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചുകളവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്റെ അടുക്കൽ അയച്ചതു എന്നു പറഞ്ഞു.

4അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു അവരുടെ താടിയെ പാതി ചിരപ്പിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിപ്പിച്ചു അവരെ അയച്ചു.

5ദാവീദ്‌രാജാവു ഇതു അറിഞ്ഞപ്പോൾ ആ പുരുഷന്മാർ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ടു അവരുടെ അടുക്കൽ ആളയച്ചു: നിങ്ങളുടെ താടി വളരുംവരെ യെരീഹോവിൽ താമസിപ്പിൻ; പിന്നെ മടങ്ങിവരാം എന്നു പറയിച്ചു.

6തങ്ങൾ ദാവീദിന്നു വെറുപ്പുള്ളവരായ്തീൎന്നു എന്നു അമ്മോന്യർ കണ്ടപ്പോൾ അവർ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരിൽനിന്നും സോബയിലെ അരാമ്യരിൽനിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരംപേരുമായി മാഖാരാജാവിനെയും തോബിൽനിന്നു പന്തീരായിരംപേരെയും കൂലിക്കു വരുത്തി.

7ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും ശൂരന്മാരുടെ സകലസൈന്യത്തെയും അയച്ചു.

8അമ്മോന്യരും പുറപ്പെട്ടു പട്ടണവാതില്ക്കൽ പടെക്കു അണിനിരന്നു; എന്നാൽ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.

9തന്റെ മുമ്പിലും പിമ്പിലും പടനിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് യിസ്രായേലിന്റെ സകലവീരന്മാരിൽനിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്തു അരാമ്യരുടെ നേരെ അണിനിരത്തി.

10ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരെ നിരത്തേണ്ടതിന്നു തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു അവനോടു:

11അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിനക്കു സഹായം ചെയ്യും.

12ധൈൎയ്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

13പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഓടിപ്പോയി.

14അരാമ്യർ ഓടിപ്പോയി എന്നു കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നു ഓടി പട്ടണത്തിൽ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

15തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടിട്ടു അവർ ഒന്നിച്ചുകൂടി.

16ഹദദേസെർ ആളയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; അവർ ഹേലാമിലേക്കു വന്നു; ഹദദേസെരിന്റെ സേനാപതിയായ ശോബക്ക് അവരുടെ നായകനായിരുന്നു.

17അതു ദാവീദിന്നു അറിവുകിട്ടിയപ്പോൾ അവൻ എല്ലായിസ്രായേല്യരെയും കൂട്ടിവരുത്തി യോൎദ്ദാൻ കടന്നു ഹേലാമിൽ ചെന്നു. എന്നാറെ അരാമ്യർ ദാവീദിന്റെ നേരെ അണിനിരന്നു പടയേറ്റു.

18അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടിപ്പോയി; ദാവീദ് അരാമ്യരിൽ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.

19എന്നാൽ ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും തങ്ങൾ യിസ്രായേലിനോടു തോറ്റു എന്നു കണ്ടിട്ടു യിസ്രായേല്യരുമായി സന്ധിചെയ്തു അവരെ സേവിച്ചു. അതിൽപിന്നെ അമ്മോന്യൎക്കു സഹായം ചെയ്‌വാൻ അരാമ്യർ ഭയപ്പെട്ടു.

1 ദിനവൃത്താന്തം

1 ദിന 19:1–19

1അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകൻ അവന്നു പകരം രാജാവായി.

2അപ്പോൾ ദാവീദ്: നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാർ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിപ്പാൻ വന്നപ്പോൾ

3അമ്മോന്യപ്രഭുക്കന്മാർ ഹാനൂനോടു: ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു നിന്റെ അടുക്കൽ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നതു എന്നു നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിപ്പാനും മുടിപ്പാനും ഒറ്റുനോക്കുവാനും അല്ലയോ അവന്റെ ഭൃത്യന്മാർ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്നു പറഞ്ഞു.

4അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.

5ചിലർ ചെന്നു ആ പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവർ ഏറ്റവും ലജ്ജിച്ചിരിക്കയാൽ അവൻ അവരെ എതിരേല്പാൻ ആളയച്ചു; നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ പാൎത്തിട്ടു മടങ്ങിവരുവിൻ എന്നു രാജാവു പറയിച്ചു.

6തങ്ങൾ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയിൽനിന്നും മയഖയോടു ചേൎന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.

7അവർ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവർ വന്നു മെദേബെക്കു മുമ്പിൽ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളിൽനിന്നു വന്നുകൂടി പടെക്കു പുറപ്പെട്ടു.

8ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.

9അമ്മോന്യർ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതില്ക്കൽ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.

10തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോൾ യോവാബ് എല്ലായിസ്രായേൽവീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യൎക്കെതിരെ അണിനിരത്തി.

11ശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യൎക്കെതിരെ അണിനിരന്നു.

12പിന്നെ അവൻ: അരാമ്യർ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാൽ ഞാൻ നിനക്കു സഹായം ചെയ്യും.

13ധൈൎയ്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.

14പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവർ അവന്റെ മുമ്പിൽനിന്നു ഓടി.

15അരാമ്യർ ഓടിപ്പോയി എന്നു കണ്ടപ്പോൾ അമ്മോന്യരും അതുപോലെ അവന്റെ സഹോദരനായ അബീശായിയുടെ മുമ്പിൽനിന്നു ഓടി, പട്ടണത്തിൽ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു.

16തങ്ങൾ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യർ കണ്ടപ്പോൾ അവർ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്ക് അവരുടെ നായകനായിരുന്നു.

17അതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ എല്ലായിസ്രായേലിനെയും കൂട്ടി യോൎദ്ദാൻ കടന്നു അവൎക്കെതിരെ ചെന്നു അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യൎക്കു നേരെ പടെക്കു അണിനിരത്തിയ ശേഷം അവർ അവനോടു പടയേറ്റു യുദ്ധം ചെയ്തു.

18എന്നാൽ അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ദാവീദ് അരാമ്യരിൽ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാളുകളെയും നിഗ്രഹിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു.

19ഹദദേസെരിന്റെ ഭൃത്യന്മാർ തങ്ങൾ യിസ്രായേലിനോടു തോറ്റുപോയെന്നു കണ്ടിട്ടു ദാവീദിനോടു സന്ധിചെയ്തു അവന്നു കീഴടങ്ങി; അമ്മോന്യരെ സഹായിപ്പാൻ അരാമ്യർ പിന്നെ തുനിഞ്ഞതുമില്ല.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും