ഹോം › ദിവസേനയുള്ള ബൈബിൾ വായനകൾ › 2027 സെപ്റ്റംബർ › സെപ്റ്റംബർ 5
കത്തോലിക്കാ കലണ്ടർ
കുർബാനയിലെ വായനകൾ (കത്തോലിക്കാ) — 2027 സെപ്റ്റംബർ 5
ഞായറാഴ്ച · സാധാരണകാലത്തിന്റെ 23-ആം ആഴ്ച
പെരുന്നാളുകളും വിശുദ്ധന്മാരും
സാധാരണകാലത്തിന്റെ 23-ആം ഞായറാഴ്ച
ഞായറാഴ്ച · ആരാധനാ നിറം: പച്ച
ദിവസത്തെ വായനകൾ
ഒന്നാം വായന
4മനോഭീതിയുള്ളവരോടു: ധൈൎയ്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. 5അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. 6അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിൎജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. 7മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും, കുറുക്കന്മാരുടെ പാൎപ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.
പ്രതിവചന സങ്കീർത്തനം
7പീഡിതന്മാൎക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവൎക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു. 8യഹോവ കുരുടന്മാൎക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിൎത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. 9യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു. 10യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ. യഹോവയെ സ്തുതിപ്പിൻ.
രണ്ടാം വായന
1സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കൎത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുതു. 2നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ 3നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടു: നീ അവിടെ നിൽക്ക; അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ 4നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ? 5പ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവൎക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
സുവിശേഷം
31അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്തു വന്നു. 32അവിടെ അവർ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു. 33അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു, 34സ്വൎഗ്ഗത്തേക്കു നോക്കി നെടുവീൎപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അൎത്ഥമുള്ള എഫഥാ എന്നു പറഞ്ഞു. 35ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു. 36ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി: 37അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
ഇന്നത്തെ വിശുദ്ധന്മാർ
- കൽക്കട്ടയിലെ വിശുദ്ധ തെരേസ, കന്യക
പൊതു റോമൻ കലണ്ടർ; മെത്രാൻ സമിതിക്ക് ചില തിരുനാളുകൾ (ദനഹാ, സ്വർഗ്ഗാരോഹണം, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ) ഞായറാഴ്ചയിലേക്കു മാറ്റുകയോ സ്വന്തം തിരുനാളുകൾ ചേർക്കുകയോ ചെയ്യാം. വായനാക്രമം: ഞായറാഴ്ച ചക്രം B, പ്രവൃത്തിദിവസ വർഷം I.