Bible Explorer ആപ്പ് നേടുക

പര്യവേക്ഷണം › രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് › ശൗലും ദാവീദും

രാജാക്കന്മാരും ദിനവൃത്താന്തവും അടുത്തടുത്ത് · ശൗലും ദാവീദും

ഫെലിസ്ത്യമല്ലന്മാർ

2 ശമു 21:18–22 · 1 ദിന 20:4–8

2 ശമൂവേൽ

2 ശമു 21:18–22

18അതിന്റെശേഷം ഗോബിൽവെച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.

19ഗോബിൽവെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ലേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.

20പിന്നെയും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീൎഘകായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറുവിരലും ആകെ ഇരുപത്തുനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫെക്കു ജനിച്ചവനായിരുന്നു.

21അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു.

22ഈ നാലു പേരും ഗത്തിൽ രാഫെക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ പട്ടുപോയി.

1 ദിനവൃത്താന്തം

1 ദിന 20:4–8

4അതിന്റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി.

5പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.

6വീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീൎഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന്നു ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു.

7അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.

8ഇവർ ഗത്തിൽ രാഫെക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി.

അടയാളപ്പെടുത്തിയത്: നിങ്ങൾ വായിക്കുന്ന പരിഭാഷയിൽ എല്ലാ വിവരണങ്ങളിലുമുള്ള വാക്കുകൾ. ഏറ്റവും സാധാരണമായ വാക്കുകൾ (“ഉം”, “അവൻ”) അടയാളപ്പെടുത്തുന്നില്ല; മറ്റൊരു രൂപത്തിലുള്ള വാക്ക് അടയാളപ്പെടുത്തിയില്ലെന്നു വരാം.

ഉറവിടങ്ങൾ: OpenBible.info, CC BY 4.0 · ഉറവിടങ്ങളും അവകാശങ്ങളും