Bible Explorer ആപ്പ് നേടുക

ഹോം › ദിവസേനയുള്ള ബൈബിൾ വായനകൾ › 2026 ഡിസംബർ › ഡിസംബർ 6

ഓർത്തഡോക്സ് കലണ്ടർ · നവംബർ 23 (പഴയ രീതി)

ഓർത്തഡോക്സ് ദൈനംദിന വായനകൾ — 2026 ഡിസംബർ 6

ഞായറാഴ്ച · സ്വരം 2

പെരുന്നാളുകളും വിശുദ്ധന്മാരും

പെന്തെക്കൊസ്തിനു ശേഷമുള്ള 27-ആം ഞായറാഴ്ച

തിരുജനന നോമ്പ്

മത്സ്യം അനുവദനീയം

ഇത് സന്യാസ നിയമം പിന്തുടരുന്നു. ഒരു ഇടവകയിൽ, ആരോഗ്യം, പ്രായം, സാഹചര്യങ്ങൾ എന്നിവയനുസരിച്ച് കുമ്പസാരക്കാരനോടൊപ്പമാണ് നോമ്പിന്റെ അളവ് നിശ്ചയിക്കുന്നത്.

ദിവസത്തെ വായനകൾ

പ്രഭാത പ്രാർത്ഥനയുടെ അഞ്ചാം സുവിശേഷം

ലൂക്കൊ 24:12–35

12[എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചൎയ്യപ്പെട്ടു മടങ്ങിപ്പോന്നു.] 13അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ 14ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു. 15സംസാരിച്ചും തൎക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേൎന്നുനടന്നു. 16അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു. 17അവൻ അവരോടു: നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാൎയ്യം എന്തു എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു. 18ക്ലെയൊപ്പാവു എന്നു പേരുള്ളവൻ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാൎയ്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു. 19ഏതു എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ. 20നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു. 21ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു. 22ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി 23അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദൎശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു. 24ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും. 25അവൻ അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, 26ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ” എന്നു പറഞ്ഞു, 27മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവൎക്കു വ്യാഖ്യാനിച്ചുകൊടുത്തു. 28അവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. 29അവരോ: ഞങ്ങളോടുകൂടെ പാൎക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിൎബന്ധിച്ചു; അവൻ അവരോടുകൂടെ പാൎപ്പാൻ ചെന്നു. 30അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവൎക്കു കൊടുത്തു. 31ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവൎക്കു അപ്രത്യക്ഷനായി 32അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു. 33ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. 34കൎത്താവു വാസ്തവമായി ഉയിൎത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു. 35വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‌വന്നതും അവർ വിവരിച്ചു പറഞ്ഞു.

ലേഖനം

എഫെ 6:10–17

10ഒടുവിൽ കൎത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ. 11പിശാചിന്റെ തന്ത്രങ്ങളോടു എതിൎത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സൎവ്വായുധവൎഗ്ഗം ധരിച്ചുകൊൾവിൻ. 12നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വൎല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. 13അതുകൊണ്ടു നിങ്ങൾ ദുൎദ്ദിവസത്തിൽ എതിൎപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സൎവ്വായുധവൎഗ്ഗം എടുത്തുകൊൾവിൻ. 14നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും 15സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം 16കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ. 17രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.

ലേഖനം (വിശുദ്ധ അലക്സാണ്ടറിന്റെ ഓർമ്മയ്ക്ക്)

ഗലാ 5:22–6:2

22ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീൎഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, 23ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. 24ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. 25ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. 26നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു. 6:1സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. 2തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവൎത്തിപ്പിൻ.

സുവിശേഷം

ലൂക്കൊ 12:16–21

16ഒരുപമയും അവരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു. 17അപ്പോൾ അവൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു. 18പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവെക്കും. 19എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു: 20മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആൎക്കാകും എന്നു പറഞ്ഞു. 21ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാൎയ്യം ഇങ്ങനെ ആകുന്നു.

സുവിശേഷം (വിശുദ്ധ അലക്സാണ്ടറിന്റെ ഓർമ്മയ്ക്ക്)

മത്താ 11:27–30

27എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല. 28അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. 29ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും. 30എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.

തീയതികൾ റഷ്യൻ സഭയുടെ ജൂലിയൻ കലണ്ടർ അനുസരിച്ചാണ് (സെർബിയൻ, ജോർജിയൻ സഭകളെയും അതോസ് പർവ്വതത്തെയും പോലെ): സഭാ കലണ്ടറിലെ നവംബർ 23 സിവിൽ കലണ്ടറിലെ ഡിസംബർ 6 ആണ്. പുതിയ കലണ്ടർ പിന്തുടരുന്ന സഭകൾ (ഗ്രീസ്, റൊമാനിയ, ബൾഗേറിയ, യുക്രെയ്ൻ…) സ്ഥിരപെരുന്നാളുകളും വിശുദ്ധന്മാരുടെ അനുസ്മരണങ്ങളും സിവിൽ തീയതിയിൽത്തന്നെ, 13 ദിവസം മുമ്പ്, ആചരിക്കുന്നു; അവരുടെ ചില വായനകൾ വ്യത്യസ്തമാണ്; ഈസ്റ്ററും അതിനെ ആശ്രയിക്കുന്ന ദിവസങ്ങളും ഒന്നുതന്നെ.